CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 58 Seconds Ago
Breaking Now

ജനഹൃദയങ്ങളെ ഇളക്കി മറിയ്ക്കുവാന്‍ വള്ളംകളി റണ്ണിങ് കമന്ററിയുമായി ജോസഫും സംഘവും

വള്ളംകളി മത്സരങ്ങളില്‍  ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന ഗര്‍ഷോം ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും  ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള  ടീം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്‌ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷം അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ  യു.കെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യു.കെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), സാം തിരുവാതിലില്‍ ( ബേസിങ്‌സ്റ്റോക്ക്) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധാരണിയാവുമെന്നുള്ളതിന് സംശയമില്ല.

ജലരാജാക്കന്മാര്‍ ഓക്‌സ്ഫഡ് ഫാര്‍മൂര്‍ തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് യുക്മ സാംസ്‌ക്കാരികവേദി വൈസ് ചെയര്‍മാന്‍ കൂടിയായ സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും. 

റണ്ണിങ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ  അനൗണ്‍സ്‌മെന്റ് വേദികളില്‍ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോന്‍ തോട്ടുങ്കലും, കടുത്തുരുത്തിയില്‍ നിന്നുള്ള തോമസ് പോളും, കോഴഞ്ചേരിയുടെ പ്രിയപ്പെട്ട സാം തിരുവാതിലിലും  ഒത്തുചേരുമ്പോള്‍ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.

എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) 




കൂടുതല്‍വാര്‍ത്തകള്‍.