ഒരു ചെറിയ പെണ്‍കുട്ടി ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലായിരുന്നു അക്രമം. വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായി പോലീസ് വ്യക്തമാക്കി.
പരുക്കേറ്റ ചെറിയ കുട്ടിയുടെ നില ഗുരുതരമാണെന്ന് ടൊറന്റോ പോലീസ് ചീഫ് മാര്‍ക്ക് സോണ്ടേഴ്‌സ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എല്ലാ തലത്തിലും അന്വേഷണം നടത്തുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വീശദീകരിച്ചു.
പ്രമുഖ റെസ്റ്റൊറന്റുകളും, കഫെ, ഷോപ്പുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ടൊറന്റോ ഈസ്റ്റ് എന്‍ഡ്. കൈത്തോക്ക് ഉപയോഗിച്ചായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഒന്‍പത് പേര്‍ക്ക് വെടിയേറ്റെന്നായിരുന്നു വിവരം. 25 തവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടതായാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
ഈ വര്‍ഷം ടൊറന്റോയില്‍ വന്‍തോതില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമം കൂടുന്നത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്. അക്രമങ്ങള്‍ പടര്‍ന്നതോടെ 200 പോലീസ് ഉദ്യോഗസ്ഥരെയാണ് ടൊറന്റോ നഗരത്തില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. ഗ്യാംഗുകള്‍ തമ്മിലുള്ള സംഘട്ടനമാണ് പലപ്പോഴും അക്രമത്തില്‍ കലാശിക്കുന്നത്. തോക്ക് അനായാസം ലഭ്യമാകുന്നതും പ്രശ്‌നമാണെന്ന് മേയര്‍ ജോണ്‍ ടോറി പറയുന്നു.