ദില്ലി: ജീവിക്കാനായി നിരവധി പേര്‍ പശുവിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. പാലും, പാല്‍ഉത്പന്നങ്ങളും, മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ലഭ്യമാക്കുന്ന പശു ഇല്ലാത്ത ഒരു ഗ്രാമം സങ്കല്‍പ്പിക്കാന്‍ കഴിയുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്ന റുവാണ്ടയില്‍ ഇത്തരമൊരു ഗ്രാമമുണ്ട്. ഇതിന്റെ ഭാഗമായാണ് യാത്രയില്‍ 200 പശുക്കളെ മോദി നല്‍കി .ഒരു പശു പോലും സ്വന്തമായി ഇല്ലാത്ത റുവെറു മോഡല്‍ ഗ്രാമത്തിനാണ് ഇവയെ അദ്ദേഹം സമ്മാനിച്ചത്. റുവാണ്ടന്‍ സര്‍ക്കാര്‍ നടത്തുന്ന ഗിരിങ്ക പ്രോഗ്രാമിന്റെ ഭാഗമായാണിത്.
റുവാണ്ടര്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ സാന്നിധ്യത്തിലായിരുന്നു പശുദാനം. ഇന്ത്യയില്‍ നിന്നും ഏറെ അകലെയുള്ള റുവാണ്ടയില്‍ ഗ്രാമങ്ങളുടെ ഉന്നമനത്തിനായി പശുക്കളെ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ആളുകളെ അതിശയിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ഗിരിങ്ക പദ്ധതി രാജ്യത്തെ ഗ്രാമങ്ങളെ മാറ്റിമറിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗിരിങ്ക എന്നാല്‍ നിങ്ങള്‍ക്കൊരു പശു ഉണ്ടാകട്ടെ എന്നാണര്‍ത്ഥം. റുവാണ്ടയില്‍ പശുക്കളെ ബഹുമാനത്തിന്റെയും, നന്ദിസൂചകമായും സമ്മാനിക്കുന്ന ആചാരം നിലനിന്നിരുന്നു. രാജ്യത്ത് കുട്ടികളില്‍ പോഷകാഹാരക്കുറവ് വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗിരിങ്ക പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
2006ല്‍ തുടങ്ങിയ പദ്ധതി നിരവധി പേര്‍ക്ക് പശുക്കളെ നല്‍കുകയും, ഉപജീവനം നടത്തുകയും ചെയ്തുവരുന്നുണ്ട്.