വാര്‍ത്താ താരമാണ് സ്വീഡന്‍ സൂപ്പര്‍താരം സ്ലാടന്‍ ഇബ്രാഹിമോവിക് ,ഗോളടിക്കുന്നത് പോലെ തന്നെയാണ് വിവാദ പ്രസ്താവനകളിലൂടെ അദ്ദേഹം തലക്കെട്ടുകളില്‍ ഇടംനേടുന്നത്.
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിക്കൊണ്ട് ഇപ്പോള്‍ തന്നെ ലീഗില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് കഴിഞ്ഞു. എല്‍എ ഗ്യാലക്‌സിയുമായാണ് ഇപ്പോള്‍ താരം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാര്‍ അവസാനിപ്പിച്ചതോടെയാണ് ഇബ്രാഹിമോവിക് അമേരിക്കയില്‍ എത്തുന്നത്.
കളത്തിലിറങ്ങി 15 മത്സരങ്ങളില്‍ 12 ഗോളുകളും താരം അടിച്ചുകൂട്ടി കഴിഞ്ഞു. രണ്ട് ഗോളുകളെ അസിസ്റ്റും ചെയ്തു. എംഎല്‍എസിലെ മുന്‍നിര ഗോള്‍ വേട്ടക്കാരനായ അത്‌ലാന്റയുടെ ജോസപ് മാര്‍ട്ടിനസുമായി പത്ത് ഗോളുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഏഴ് മത്സരങ്ങള്‍ കുറവ് മാത്രമാണ് കളിച്ചിരിക്കുന്നത്.
എന്നാല്‍ അമേരിക്കന്‍ ഫുട്‌ബോളിനെ താന്‍ മാറ്റിമറിച്ചോയെന്ന് അറിയില്ലെന്ന് ഇബ്രാഹിമോവിക് പറയുന്നു. എന്റെ ജോലിയാണ് ചെയ്യുന്നത്. ഞാന്‍ 10 വര്‍ഷം മുന്‍പ് എത്താതിരുന്നത് ഇവരുടെ ഭാഗ്യമാണ്, അല്ലെങ്കില്‍ ഞാനിന്ന് പ്രസിഡന്റ് ആകുമായിരുന്നു, താരം പ്രഖ്യാപിച്ചു. എന്തായാലും ഇത് ട്രംപിന് ഇട്ടുള്ള ട്രോള്‍ അല്ലേയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യം.