പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ്. നിയമ പാലിക്കുന്ന മികച്ച രാജ്യമാക്കി പാകിസ്ഥാനെ മാറ്റുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ടെലിവിഷന്‍ അഭിസംബോധനയില്‍ ഖാന്‍ ഉറപ്പുനല്‍കി. രാജ്യത്തെ പാവങ്ങള്‍ക്കായി ജോലി ചെയ്യുമെന്ന് പറഞ്ഞ മുന്‍ ക്രിക്കറ്റര്‍ അഴിമതിയ്‌ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചു.
കശ്മീര്‍ വിഷയം പരിഹരിക്കേണ്ടതാണെന്നും ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നേതൃത്വം ഇതിന് തയ്യാറാണെങ്കില്‍ ചര്‍ച്ചകള്‍ നടത്താം. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ ഉപഭൂഖണ്ഡത്തിന് ഗുണകരമാക്കും. പാകിസ്ഥാന്‍ രക്ഷപ്പെടാന്‍ ഇന്ത്യയുമായി മികച്ച ബന്ധം ആവശ്യമാണ്. വ്യാപാര ബന്ധം ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യും.
ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നെ ബോളിവുഡ് വില്ലനാക്കി. ഞാന്‍ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടാകും എന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഇന്ത്യയുമായി ക്രിക്കറ്റിലൂടെ മികച്ച ബന്ധമുള്ള പാകിസ്ഥാനിയാണ് ഞാന്‍. ദാരിദ്ര്യം ഇല്ലാതാക്കാന്‍ വ്യാപാരബന്ധം സുപ്രധാനമാണ്. ഇത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാണ്.
രാജ്യത്ത് നിയമവാഴ്ച നടപ്പാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു. പൊതുവെ പാക് ഭരണകൂടങ്ങള്‍ രാജ്യത്തെ സൈന്യത്തിന്റെ പാവകളായി മാറുകയാണ് പതിവ്. അല്ലാത്തവരെ അട്ടിമറിക്കുകയും ചെയ്യും. ഇമ്രാന്‍ ഖാന്റെ വരവ് ഒരു മാറ്റമാകുമോയെന്ന് കാത്തിരുന്ന് കാണാം.