സൗദി മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ സൗദി ആദ്യം മുതലേ ഒളിച്ചുകളി നടത്തുകയാണ്. ഖഷോഗിയെ കാണാതായതു മുതല്‍ സൗദിയിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ കൈയ്യൊഴിഞ്ഞു പ്രതികരിക്കുകയായിരുന്നു സൗദി.
ഇപ്പോഴിതാ പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകമെന്ന മുന്‍ നിലപാട് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുത്തി. അതിനിടെ കൊലപാതകത്തെ കുറിച്ചുള്ള തെളിവുകള്‍ തുര്‍ക്കി അമേരിക്കയ്ക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട് .സൗദി ഭരണകൂടത്തിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് സൗദി തുര്‍ക്കി സംയുക്ത അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കോണ്‍സുലേറ്റില്‍ നടന്ന സംഭവം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് സൗദി ആദ്യമേ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ സംഘം തെളിവ് ഹാജരാക്കിയതോടെ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു.
കേസില്‍ അറസ്റ്റിലായ 18 പ്രതികളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, തുര്‍ക്കിയിലെ അങ്കാറയിലെത്തിയ യുഎസ് സെന്റ്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ജിന ഹാസ്‌പെല്ലിന്, തുര്‍ക്കി കൊലപാതകത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഖഷോഗിയുടെ അവസാനനിമിഷത്തെ ഓഡിയോ ടേപ്പ് ജിന ഹാസ്‌പെലിനെ കേള്‍പ്പിച്ചതായാണ് വിവരം.
അതേസമയം, സൗദി ഇന്റലിജന്‍സ് സര്‍വീസ് പരിഷ്‌ക്കരിക്കാനുള്ള സമിതി, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഖഷോഗിയുടെ കൊലപാതകവിവരം പുറത്തുവന്നതിനുശേഷമാണ് സമിതി രൂപീകരിച്ചത്.