ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അഞ്ചു പേരുടെ വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കയ്ക്ക് കൈമാറി. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം കഴിഞ്ഞാഴ്ച ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.
ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് ശ്രീലങ്കന്‍ പൗരന്മാരുടെ വിവരങ്ങളാണ് എന്‍ഐഎ കൈമാറിയത്. ആക്രമണത്തില്‍ ചാവേറുകളായ ഇന്‍ഷാഫ് ഇബ്രാഹിം ഇല്‍ഹാം ഇബ്രാഹിം എന്നിവരുടെ ബന്ധുക്കളുമായി ഫോണിലൂടെ ബന്ധപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരവും ഇതിനൊപ്പമുണ്ട്.
ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി അറിയുന്നതില്‍ വീഴ്ച വന്നുവെന്ന് സമ്മതിച്ച് ശ്രീലങ്കന്‍ ഇന്റലിജന്‍സ് മേധാവി സിസിരാ മെന്‍ഡിസ് രാജിവച്ചു. ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ 250 ലേറെ പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു.