നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയിലാണ് ഉത്തരവ്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപി അംഗീകരിച്ചു. തുടരന്വേഷണത്തിനായി കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
സംഘടനയുടെ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. മാത്രവുമല്ല വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മിനിറ്റ്‌സ് അടക്കമുള്ള രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.