വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനായില്ല മലേഷ്യന്‍ വിമാനം. ഇപ്പോഴിതാ ഞെട്ടിക്കുന്ന നിഗമനവുമായി എത്തിയിരിക്കുകയാണ് ടിം ടെര്‍മിനി എന്ന എവിയേഷന്‍ സെക്യൂരിറ്റി വിദഗ്ധന്‍. മലേഷ്യന്‍ വിമാനം എംഎച്ച് 370 കാണാതായതിന് പിന്നില്‍ ടിക്കറ്റില്ലാത്ത അനധികൃതമായ യാത്ര ചെയ്ത ആളായിരിക്കാമെന്നാണ് കണ്ടെത്തല്‍.
വിമാനം കാണാതായതിന് പിന്നില്‍ നാലു ഹൈജാക്കിങ് സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാരില്‍ ആരെങ്കിലും ഒരാള്‍, വിമാനത്തിലെ ജീവനക്കാര്‍, വിമാനത്തില്‍ കടന്നുകൂടിയ അനധികൃത യാത്രക്കാരന്‍, ഹാക്ക് ചെയ്ത വിമാനത്തിന്റെ നിയന്ത്രണം നിലത്തുനിന്ന് ആരെങ്കിലും കൈക്കലാക്കിയത്. ഇതില്‍ ടിക്കറ്റില്ലാത്ത അനധികൃത യാത്രക്കാരന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍ എന്നാണ് ടീം ടെര്‍മിനി പറയുന്നത്. ആരും അറിയാതെ വിമാനത്തില്‍ കയറികൂടിയ അനധികൃത യാത്രക്കാരനായതു കൊണ്ടായിരിക്കാം അപകടത്തെ പറ്റി ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഈ അഭിപ്രായം ശരിയാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിമാനം കാണാതായതിന് പിന്നില്‍ പൈലറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരു വിഭാഗം. പൈലറ്റായിരുന്ന സഹാരി അഹമ്മദ് ഷാ നടപ്പിലാക്കിയ അത്മഹത്യാ കൂട്ടക്കൊലപാതക ശ്രമമാണെന്നാണ് ഇവര്‍ വാദിക്കുന്നത്. 293 യാത്രക്കാരുമായി യാത്ര തിരിച്ച വിമാനമാണ് 2014 മാര്‍ച്ച് എട്ടിന് കാണാതായത് .