ധരിച്ചിരിക്കുന്ന വസ്ത്രം ശരീരം മറയ്ക്കുന്നത് കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഹൂസ്റ്റണില്‍ നിന്നുമുള്ള വനിതാ ഡോക്ടറെയും, ഇവരുടെ 8 വയസ്സുള്ള മകനെയും അമേരിക്കന്‍ എയര്‍ലൈന്‍സ് തടഞ്ഞുവെച്ചു. ജമൈക്കയിലെ കിംഗ്സ്റ്റണ്‍ എയര്‍പോര്‍ട്ടിലാണ് വസ്ത്രം കുറഞ്ഞെന്ന പേരില്‍ യാത്രക്കാരിയെ തടഞ്ഞത്.
ജമൈക്കയില്‍ നിന്നും മയാമിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഫാമിലി മെഡിസിന്‍ ഫിസിഷ്യനായ ടിഷാ റോവ്. കടുത്ത ചൂടായതിനാല്‍ റോംബര്‍ ധരിച്ചാണ് ഇവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ വസ്ത്രം കൂടുതല്‍ ഉപയോഗിച്ച് ശരീരം മറച്ചില്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു കാബിന്‍ ക്രൂ ഇവരെ അറിയിച്ചത്.
സംഭവം ടിഷ ചിത്രം സഹിതം ട്വിറ്ററില്‍ പങ്കുവെച്ചു. 'ഇതാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നെ പുറത്തിറക്കാന്‍ കാരണമായ വസ്ത്രം. കൂടുതല്‍ മറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തില്‍ തിരികെ കയറ്റില്ലെന്ന ഭീഷണിയായി. പുതപ്പ് മൂടി തിരികെ കയറേണ്ടിയും വന്നു', ടിഷ വ്യക്തമാക്കി.
സീറ്റില്‍ ഇരിക്കവെയാണ് വനിതാ ഫ്‌ളൈറ്റ് അറ്റന്റന്റ് അരികിലെത്തി സംസാരിക്കാന്‍ പുറത്തുവരാന്‍ ആവശ്യപ്പെട്ടത്. ഈ വസ്ത്രം ധരിച്ച് യാത്ര ചെയ്യാനാകില്ലെന്നാണ് അവര്‍ അറിയിച്ചത്. ഇതിലും വലുപ്പം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകള്‍ വിമാനത്തിലുണ്ടായെന്ന് ടിഷ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. ഇവരുടെ പണം തിരികെ നല്‍കിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഡോക്ടറുടെ പക്കല്‍ ഇത് ലഭിച്ചിട്ടില്ല. സംഭവം അറിഞ്ഞതോടെ ട്വിറ്ററില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.