ആഗസ്റ്റ് 31ന് ഷെഫീല്‍ഡിലെ മാന്‍വേര്‍സ് തടാകത്തിന്റെ ഓളപ്പരപ്പില്‍ നെയ്‌തെടുത്തത് ചരിത്ര നിയോഗം. യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വള്ളംകളി മല്‍സരത്തില്‍ ലിവര്‍പൂളിന്റെ ജവഹര്‍ തായങ്കരി വന്നത് കീഴടക്കാന്‍ ഉറപ്പിച്ചായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജലരാജാക്കന്മാരുടെ അജയ്യത ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കഠിനമായ വെല്ലുവിളികളെ അനന്യസാധാരണമായ മനോധൈര്യത്തോടെയും, പ്രൊഫഷണലിസത്തോടെയും നേരിടാനുള്ള കരുത്തുകാട്ടി തോമാസ്‌കുട്ടി ഫ്രാന്‍സിസിന്റെ ക്യാപ്റ്റന്‍സിയും, മാസങ്ങള്‍ നീണ്ട പരിശീലനവും സമ്മാനിച്ച പ്രതിഫലം മറ്റൊന്നായില്ല.
ലിവര്‍പൂളിലെ എല്ലാവിധ വിചാരധാരകളെയും കോര്‍ത്തിണക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ജലരാജാക്കന്മാരുടെ പ്രസക്തി. ക്യാപ്റ്റന്‍ തോമാസ്‌കുട്ടിയേയും, ജവഹര്‍ തായങ്കരി ടീമിലെ എല്ലാ അംഗങ്ങളെയും ലിംക അനുമോദിക്കുന്നു. സെപ്തംബര് 28-ന് നടക്കുന്ന ലിംക ഓണാഘോഷ വേദിയില്‍ വെച്ചാണ് ടീമംഗങ്ങളെ ആദരിക്കുന്നത്.
വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തിലും വള്ളംകളി വിജയിപ്പിച്ച യുക്മയേയും അതിനു നേതൃത്വം നല്‍കിയ ഭാരവാഹികളേയും ലിംക അഭിനന്ദിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ തമ്പി ജോസ് പറഞ്ഞു. കൂടാതെ മത്സരത്തിന്റെ ആവേശം കാണികള്‍ക്ക് സമ്മാനിക്കാന്‍ എത്തിയ ഓരോ ടീമിനെയും ലിംക പ്രശംസിച്ചു.