Breaking Now

ഓണപ്പൂക്കളും പൂവിളിയുമായി ഡോര്‍സെറ്റ് ; ഓണാഘോഷത്തിന് മുഖ്യ അതിഥിയായി യുക്മ ദേശീയ അധ്യക്ഷന്‍ മനോജ് പിള്ള , പ്രതിഭകള്‍ക്ക് ആദരവും

ഇന്ഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് തീരത്തേക്ക് ഈ ശനിയാഴ്ച  ഓണപ്പൂക്കളും പൂവിളിയുമായി ഡോര്‍സെറ്റ് മലയാളികളുടെ വക ഓണാഘോഷം . ആഘോഷങ്ങള്‍ക്ക് മണിക്കൂറുകളുടെ കയ്യകലം മാത്രം ബാക്കി നില്‍ക്കെ പൂവിളിയും സദ്യയും പുലികളിയും ഒക്കെയായി ഒരു കുറവും ഇല്ലാത്ത ഓണാഘോഷം സംഘടിപ്പിച്ചു ആഘോഷ തിമിര്‍പ്പിനെ ഉച്ചസ്ഥായിയില്‍ എത്തിക്കുകയാണ് ഡോര്‌സെറ് കേരള കമ്യുണിറ്റി . ഇത്തവണ ആഘോഷങ്ങള്‍ക്ക് പകിട്ടേറിയപ്പോള്‍ യുക്മ ദേശീയ അധ്യക്ഷനും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ളയാണ് മുഖ്യാതിഥി എന്നതും പ്രത്യേകതയായി .

 

 കൂടാതെ ഇക്കഴിഞ്ഞ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായിക മേളയില്‍ പ്രതിഭ തെളിയിച്ചു, വിജയത്തിന്റെ മിന്നല്‍ക്കൊടി പാറിച്ച ഡികെസിയുടെ കായികതാരങ്ങളെ പ്രത്യേകം അഭിനന്ദിക്കുവാനും ഇത്തവണത്തെ ഓണാഘോഷം വേദിയാകും. ഇക്കഴിഞ്ഞ എ ലെവല്‍ , ജി സി എസ ഇ പരീക്ഷകളില്‍ വിജയം നുണഞ്ഞ പ്രതിഭകളും ഓണാഘോഷ പരിപാടികളില്‍ മിന്നിത്തിളങ്ങുമെന്നു ഡി കെ സി പ്രസിഡന്റ് സോണി കുര്യന്‍ വ്യക്തമാക്കി. ഇത്തവണ ഡോര്‌സെറ്റിന്റെ അഭിമാനമായി ഒരു പിടി കുട്ടികളാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയിരിക്കുന്നത് . 

 

രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങുന്ന ഓണാഘോഷം സദ്യയും സാംസ്‌ക്കാരിക പരിപാടികളും ഒക്കെയായി വൈകുന്നേരം നാല് മണിവരെ ആഘോഷത്തിമിര്‍പ്പിലേക്കു ഡോര്‌സെറ് മലയാളികളെ ആനയിക്കും . ഈ വര്‍ഷത്തെ യുവ നേതൃത്വ നിര ഓണാഘോഷം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ കഠിന ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ഇത്തവണത്തെ മികച്ച സംഘാടക നേതൃത്വം വഴി ഈ വര്ഷം യുകെ മലയാളികള്‍ കാണുന്ന മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായി മാറുകയാണ് ഡികെസി ഓണം.

 

ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി ആവേശം തിരതല്ലുമ്പോള്‍ നഷ്ടസ്മൃതികളില്‍ ജീവിക്കുകയല്ല , കേരള തനിമ തിരിച്ചു പിടിച്ചു നെഞ്ചോട് ചേര്‍ക്കുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ഡി കെ സിയുടെ പകിട്ടേറിയ ഓണാഘോഷം . കസവ് സാരിയില്‍ സ്ത്രീകളും പട്ടു പാവാടയില്‍ പെണ്‍കുട്ടികളും മിന്നി തിളങ്ങുമ്പോള്‍ കര മുണ്ടും കസവു മുണ്ടും കളര്‍ മുണ്ടും ഒക്കെയായി വേഷപ്പകര്‍ച്ചയുടെ ഉത്സവ കാഴ്ചകള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പുരുഷ സംഘങ്ങള്‍ . 

 

മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും താലപ്പൊലിയും ഒക്കെയായാണ് ഓണാഘോഷത്തിന്റെ തുടക്കം . ഏറെ വാശിയോടെ നടത്തപ്പെടുന്ന വടംവലി മുഖ്യ ആകര്ഷണമാകും . കേരളത്തനിമ ചോരാത്ത വമ്പന്‍ സദ്യ കൂടിയാകുമ്പോള്‍ ഡി കെ സി ഓണത്തിന് പൊലിമ കൂടുകയാണ് . നാടന്‍ സദ്യ വട്ടങ്ങളുടെ കൂട്ടത്തില്‍ 26 ഇനങ്ങള്‍ ഇലയില്‍ നിരക്കുമ്പോള്‍ രുചിപ്പകര്‍ച്ചകളുടെ രസക്കൂട്ടുകളാകും നാവില്‍ വര്‍ണം വിരിയിക്കുക.

 

മനസ്സും വയറും ഒരു പോലെ നിറഞ്ഞിരിക്കുമ്പോള്‍ ഓണാഘോഷങ്ങള്‍ക്ക് മികവു കൂട്ടിക്കൊണ്ടു ഡികെസിയുടെ പുതു സംരംഭമായ ഡോര്‍സെറ്റ് ബീറ്റ്‌സ് എന്ന ഗാനമേള സംഘത്തിനും ഇത്തവണത്തെ ഓണാഘോഷം പിറവി നല്‍കും. 

 

ഓണപ്പാട്ടുപോലെ , ഓണത്തപ്പാ കുടവയറാ തിരുവോണക്കറി എന്തെല്ലാം എന്നാണ് ചോദ്യമെങ്കില്‍  പച്ചടി കിച്ചടി നാരങ്ങാക്കറി , കാടും പടലവും എരിശ്ശേരി എന്ന് പറയാന്‍ വരെ തയ്യാറെടുക്കുകയാണ് ഡോര്‍സെറ്റിലെ മലയാളി സമൂഹം .

 

 പൂളിലെ സെന്റ് എഡ്വേഡ് സ്‌കൂളിലാണ് ഇത്തവണ ഓണാഘോഷം നടക്കുക . ഓണാഘോഷവേദിയിലേക്കു ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയാണ് ഡി കെ സി ഭാരവാഹികള്‍ . 

 

St Edwards School 

Dale Valley Road

Poole

BH15 3NY

 
കൂടുതല്‍വാര്‍ത്തകള്‍.