Breaking Now

യുക്മയുടെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബര്‍മിംഗ്ഹാമില്‍......... അക്കാഡമിക് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബര്‍മിംഗ്ഹാമില്‍ നടക്കും. നവംബര്‍ 23 ശനിയാഴ്ച  വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പരിശീലന കളരിയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്.   

മുന്‍വര്‍ഷങ്ങളില്‍ യുക്മ യു കെ യിലെ പല റീജിയനുകളിലായി നടത്തിയ ഇത്തരം സെമിനാറുകള്‍ വളരെ വിജയകരമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ 'ദേശീയ യുവജന ദിനം' എന്ന പേരില്‍ സംഘടിപ്പിക്കുവാന്‍ പ്രേരണയായത്. സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ളവരും, വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ നിരവധി പ്രമുഖ വ്യക്തികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നതാണ്. കുട്ടികളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുവാന്‍ സഹായകരമാവും വിധമാണ് വിവിധ സെഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

പത്താം വാര്‍ഷികം ആഘോഷിക്കുന്ന യുക്മയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാകും യുവജന ദിന പരിപാടികള്‍ എന്നതില്‍ സംശയമില്ല. മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് യുക്മ ദേശീയ നാഷണല്‍ കലാമേളയില്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ചാമ്പ്യന്മാരായ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആയിരിക്കും ദേശീയ യുവജന ദിനത്തിന്  ആതിഥേയത്വം വഹിക്കുക. പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാര്‍ത്ഥിക്കും യുവജന പരിശീലക്കളരിയില്‍ പങ്കെടുക്കാവുന്നതാണ്.

രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ പത്ത് പൗണ്ട് പ്രവേശന ഫീസ് നല്‍കേണ്ടതാണ്. ഭക്ഷണം സംഘാടകര്‍ ക്രമീകരിക്കുന്നതായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9:30 ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ (07828424575), സെലിന സജീവ് (07507519459), ഡോ.ബിജു പെരിങ്ങത്തറ (07904785565) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

'യുക്മ യൂത്ത് അക്കാദമി' അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

കഴിഞ്ഞ അദ്ധ്യായന വര്‍ഷം ജി സി എസ് ഇ, എലെവല്‍ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിക്കുന്നതാണ്. ഏതൊരു യു കെ മലയാളിക്കും ഈ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഉന്നതമായ മാര്‍ക്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ uukmayouth10@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് 2019 ലെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പികള്‍ അയക്കേണ്ടതാണ്. GCSE, ALevel അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി മുന്‍നിരയില്‍ എത്തുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തേണ്ടതാണ്. നവംബര്‍ 15 വെള്ളിയാഴ്ചയാണ് അപേക്ഷകള്‍ അയക്കേണ്ടുന്ന അവസാന തീയതി.

സുരേന്ദ്രന്‍ ആരക്കോട്ട് 

(യുക്മ ന്യൂസ് ടീം)

Sajish Tom

 
കൂടുതല്‍വാര്‍ത്തകള്‍.