CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 47 Seconds Ago
Breaking Now

'ടോട്ടാ പുള്‍ക്രാ': രൂപതാ വനിതാ ഫോറം വാര്‍ഷിക സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിമെന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം 'ടോട്ടാ പുള്‍ക്രാ'യുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS ഉം രൂപത പ്രസിഡന്റ് ജോളി മാത്യുവും അറിയിച്ചു. ഡിസംബര്‍ 7 ന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് രൂപതാതലസംഗമം നടക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ഏകദിനസംഗമത്തില്‍ രൂപതയുടെ എട്ടു റീജിയനുകളിനിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം വനിതകളെയാണ് പ്രതീക്ഷിക്കുന്നത്. 

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. എട്ടു റീജിയനുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഇരുപത്തഞ്ചു പേരടങ്ങുന്ന ഗായകസംഘമായിരിക്കും റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ അന്നേദിവസം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. എല്ലാ റീജിയനുകളില്‍നിന്നും വിവിധ കലാപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുന്നു. രാവിലെ ഒമ്പതുമണിക്ക് രെജിസ്‌ട്രേഷനോടുകൂടിയാണ് പരിപാടികളാരംഭിക്കുന്നത്.

നാലാം നൂറ്റാണ്ടില്‍ വിരചിതമായ ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാ കീര്‍ത്തനത്തില്‍ പരി. കന്യകാമറിയത്തെ വിശേഷിപ്പിച്ചിരിക്കുന്ന പദമാണ് 'ടോട്ടാ പുള്‍ക്രാ'. 'സമ്പൂര്‍ണ്ണ സൗന്ദര്യം' എന്ന അര്‍ത്ഥത്തിലാണ് പരി. മറിയത്തെ ഇവിടെ ടോട്ടാ പുള്‍ക്രാ എന്ന് വിളിക്കുന്നത്. ആദിമനൂറ്റാണ്ടിലെ സായാഹ്നപ്രാര്‍ത്ഥനയില്‍ പരി. മറിയത്തിന്റെ അമലോത്ഭവത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു കീര്‍ത്തനം രചിക്കപ്പെട്ടത്. 

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പ്രാര്‍ത്ഥനയിലൂടെയും മറ്റു പുണ്യപ്രവര്‍ത്തനങ്ങളിലൂടെയും രൂപതയുടെ സുവിശേഷപ്രഘോഷണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്ര വളര്‍ച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതല്‍ വളര്‍ത്താനുമാണ് ഈ പേര് വാര്‍ഷികസമ്മേളനത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

സമ്മേളനത്തിന്റെ സമാപനത്തില്‍, 'ദമ്പതീ വര്‍ഷം' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ച വത്സരപദ്ധതികളില്‍ മൂന്നാം ഘട്ടമായായാണ് 'കപ്പിള്‍സ് ഇയര്‍' എന്ന പേരില്‍ രൂപത ആചരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കുട്ടികളുടെ വര്‍ഷവും യുവജനവര്‍ഷവും  വരികയായിരുന്നു. ദമ്പതീ വര്‍ഷത്തില്‍ കുടുംബജീവിതത്തിന്റെ നെടുംതൂണുകളായ ദമ്പതികളെ ക്രൈസ്തവ ദാമ്പത്യ ജീവിത കാഴ്ചപ്പാടില്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യും. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO




കൂടുതല്‍വാര്‍ത്തകള്‍.