കൊച്ചിയില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ പ്രതിഷേധം. സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണിക്കെതിരെ മുളക് സ്‌പ്രേ പ്രയോഗവും കൈയ്യേറ്റശ്രമവുമുണ്ടായി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടക്കുന്നത്.
കമ്മീഷണര്‍ ഓഫീസില്‍നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ബിന്ദുവിന് നേരേയുണ്ടായ കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃപ്തി ദേശായിയെയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍മസമിതി പ്രവര്‍ത്തകരുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനം അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാക്കളും അറിയിച്ചു.അതിനിടെ, പ്രതിഷേധത്തിനിടെ ഒരു കര്‍മസമിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.