സ്വന്തം കാറിന് കീഴില്‍ പെട്ട് ചതഞ്ഞരഞ്ഞ് ഇന്ത്യന്‍ വംശജനായ റെസ്റ്റൊറന്റ് ഉടമ കൊല്ലപ്പെട്ടു. മറ്റൊരു ഡ്രൈവറുമായി റോഡില്‍ കശപിശ ഉണ്ടായതിനെത്തുടര്‍ന്നാണ് ദുരന്തമെന്നാണ് കരുതുന്നത്. ഹൗണ്‍സ്ലോയിലെ 'പാസേജ് ടു ഇന്ത്യക്ക്' പുറത്തുവെച്ചാണ് 44-കാരനായ മന്‍മീത് സിംഗ് മറ്റൊരു മോട്ടോറിസ്റ്റുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. റെസ്റ്റൊറന്റിന് പുറത്ത് ബഹളവും, കരച്ചിലും കേട്ട ഭക്ഷണം കഴിക്കാനെത്തിയവര്‍ മെഴ്‌സിഡസിന് കീഴില്‍ കാലുകള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവങ്ങള്‍. മറ്റൊരു വാഹനത്തിന്റെ ഉടമയുമായി മന്‍മീത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് പോലീസ് വിശ്വസിക്കുന്നത്. റോഡ് ട്രാഫിക് അപകടമെന്നാണ് പ്രാഥമിക വിവരം ലഭിച്ചതെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. പോലീസിന് പുറമെ പാരാമെഡിക്കുകളും, ഫയര്‍ഫൈറ്റേഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഇര ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.
കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനുളള ശ്രമങ്ങളിലാണ് തങ്ങളെന്ന് മെറ്റ് പോലീസ് വക്താവ് പറഞ്ഞു. മറ്റൊരു വാഹന ഉടമയുമായി ഇദ്ദേഹം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് കരുതുന്നത്. 44-കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരം അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തണം, അന്വേഷണവും തുടരുകയാണ്, വക്താവ് കൂട്ടിച്ചേര്‍ത്തു.
ഹൗണ്‍സ്ലോ ഹെസ്റ്റണ്‍ റോഡിലാണ് ഒരാള്‍ പരുക്കേറ്റതായി വിവരം ലഭിച്ച് എത്തിയതെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് വ്യക്തമാക്കി. എന്നാല്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍മീത് എങ്ങിനെ സ്വന്തം കാറിനടിയില്‍ പെട്ടെന്നാണ് പോലീസ് അന്വേഷിക്കുന്നത്.