Breaking Now

'സര്‍വ്വമനോഹരിയായ' പരി. മറിയത്തെ ധ്യാനവിഷയമാക്കി വനിതാ ഫോറം സംഗമം അടുത്ത ശനിയാഴ്ച ബെര്‍മിംഗ്ഹാം ബെഥേലില്‍; പ്രൊമോ വീഡിയോ കാണാം

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകരിക്കപ്പെട്ട രൂപതാ വനിതാ വേദിയായ 'വിമെന്‍സ് ഫോറം', ഡിസംബര്‍ ഏഴിന്  രൂപതാതല വാര്‍ഷിക സംഗമം ഒരുക്കുന്നു. രൂപതയുടെ എട്ടു റീജിയനുകളില്‍നിന്നായി രണ്ടായിരത്തോളം വനിതകള്‍ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അവസാനഘട്ടത്തിലാണന്ന് കോ ഓര്‍ഡിനേറ്റര്‍ വികാരി ജനറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട്, കണ്‍വീനര്‍ റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു.

 

'ടോട്ട പുള്‍ക്ര' എന്ന് പരി കന്യകാമാതാവിനെ വിളിക്കാന്‍ ആദിമസഭയിലെ പ്രാര്‍ത്ഥനകളില്‍ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നല്‍കിയിരിക്കുന്നത്. ലത്തീന്‍ ഭാഷയില്‍ (ടോട്ട പുള്‍ക്ര) 'സര്‍വ്വമനോഹരി' എന്നാണ് ഈ അഭിസംബോധനയുടെ അര്‍ത്ഥം. പരി. കന്യകാമാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിന്റെ കുടക്കീഴില്‍ ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. 

 

മനുഷ്യജീവിതത്തില്‍ ആത്മീയവും ഭൗതികവുമായ തലങ്ങള്‍ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ത്രീത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടാന്‍ 'വിമെന്‍സ് ഫോറം' രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളില്‍ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകള്‍ക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവില്‍ സഭ സ്ത്രീത്വത്തിനു നല്‍കുന്ന ആദരം കൂടിയാണിത്. 

 

അടുത്ത ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടര്‍ന്ന് നടക്കുന്ന വി. കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപതയില്‍ ശുശ്രുഷചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകള്‍ അണിയിച്ചൊരുക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവര്‍ഷമായ ദമ്പതീ വര്‍ഷത്തിന്റെ ഉദ്ഘാടനവും നടക്കും. 

 

രൂപതയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ പുറത്തിറങ്ങി. വീഡിയോ കാണാം. Video Link  https://www.youtube.com/watch?v=O2UTvl9xl8

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 
കൂടുതല്‍വാര്‍ത്തകള്‍.