Breaking Now

രാജകീയ പദവികള്‍ വേണ്ട, അഭിനയം തുടരാം; വിവാഹത്തിന് മുന്‍പ് രാജ്ഞി നല്‍കിയ ഓഫറുകള്‍ മെഗാന്‍ 'ഒഴിവാക്കി', രാജകുടുംബത്തിലെ അംഗമാകാന്‍; കുരുക്ക് മുറുകുന്നുവോ?

രാജകീയ ജീവിതത്തിലേക്ക് നടിയായ മെഗാന്റെ കൂടുമാറ്റം സുഗമമാക്കാന്‍ ഇതുവഴി സാധിക്കുമെന്നായിരുന്നു രാജ്ഞിയുടെ പ്രതീക്ഷ

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും വിവാഹത്തിന് മുന്‍പ് തന്നെ രാജപദവികളില്ലാതെ സ്വതന്ത്രരായി ജീവിക്കാന്‍ രാജ്ഞി ഓഫര്‍ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അഭിനയം നിര്‍ത്തി രാജസേവനത്തിന് ഇറങ്ങാന്‍ മെഗാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായാണ് പുതിയ വിവരം. 2018 മെയില്‍ രാജവിവാഹത്തിന് മുന്‍പ് തന്നെ 93-കാരിയായ രാജ്ഞി 38-കാരി മെഗാന് അഭിനയിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം തുടര്‍ന്നും അനുവദിച്ചിരുന്നു. 

രാജകീയ ജീവിതത്തിലേക്ക് നടിയായ മെഗാന്റെ കൂടുമാറ്റം സുഗമമാക്കാന്‍ ഇതുവഴി സാധിക്കുമെന്നായിരുന്നു രാജ്ഞിയുടെ പ്രതീക്ഷ. എന്നാല്‍ താരം ഈ ഓഫര്‍ അപ്പാടെ വേണ്ടെന്ന് വെച്ചു. കാരണം ഇവര്‍ക്ക് രാജകുടുംബത്തിലെ സേവനരംഗത്തുള്ള അംഗമായി മാറണമായിരുന്നു, സണ്‍ പത്രത്തോട് ഒരു ശ്രോതസ്സ് വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ഹാരിയും, മെഗാനും എച്ച്ആര്‍എച്ച് പദവികള്‍ ഉപയോഗിക്കുന്ന രീതി ശരത്കാലം മുതല്‍ അവസാനിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചത്. കൂടാതെ ഔദ്യോഗിക സൈനിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള രാജകീയ ദൗത്യങ്ങളും റദ്ദാക്കും, കൊട്ടാരം പറഞ്ഞു.

ഡ്യൂക്ക്, ഡച്ചസ് പദവികളില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ രാജ്ഞി മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നുവെന്ന വാര്‍ത്ത രാജകുടുംബത്തെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. ആറ് വര്‍ഷത്തോളം മെഗാ ഹിറ്റായി നിന്ന ലീഗല്‍ ഡ്രാമ സ്യൂട്ട്‌സില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ടൊറന്റോയിലായിരുന്നു മെഗാന്‍. ഇത് ഉപേക്ഷിച്ചാണ് ഹാരിയെ വിവാഹം ചെയ്യാന്‍ താരം ഒരുങ്ങിയത്. 

'രാജ്ഞിയുടെ ഓഫര്‍ ജോലി തുടരാന്‍ മെഗാന് വഴിയൊരുക്കി. എന്നാല്‍ അഭിനയം നിര്‍ത്താനും, രാജകുടുംബത്തില്‍ അംഗമാകാനും ഇവര്‍ സന്നദ്ധത അറിയിക്കുകയായിരുന്നു', ശ്രോതസ്സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.