CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 47 Minutes 30 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ന്

ലണ്ടന്‍: ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം 2020 മെയ് 23 ശനിയാഴ്ച എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ രൂപതയിലെ ഇടവകകളും മിഷനുകളും ഒന്ന് ചേര്‍ന്ന് ഒറ്റ വിശ്വാസസമൂഹമായി ഈ തിരുനാളില്‍ പങ്കെടുക്കും. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്ല്‍സ്‌ഫോര്‍ഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ രണ്ടു തീര്‍ത്ഥാടനങ്ങളും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫെബ്രുവരി 22 ശനിയാഴ്ച റെഡ്ഹിലില്‍ വച്ചു നടന്ന ലണ്ടന്‍ റീജിയണല്‍ ട്രസ്ടിമാരുടെ മീറ്റിംഗില്‍ വച്ച് നടന്ന ആലോചനയോഗത്തില്‍ വികാരി ജനറാള്‍മാരായ റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ജോര്‍ജ് ചേലക്കല്‍, ലണ്ടന്‍ റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, മിഷന്‍ ഡയറക്ടര്‍മാരായ ഫാ. ബിനോയ് , ഫാ. ജോസ് അന്ത്യാകുളം, ഫാ. സാജു പിണക്കാട്ട് എന്നിവര്‍ പങ്കെടുത്തു. രൂപതയിലെ എല്ലാ റീജിയനുകളുടെയും സമ്പൂര്‍ണ പങ്കാളിത്തം സാധ്യമാക്കുവാന്‍ ലണ്ടന്‍ റീജിയണിലെ മിഷനുകളുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു ഉചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ യോഗം തീരുമാനിച്ചു. 

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടനമാണ് കര്‍മ്മലമാതാവിന്റെ സന്നിധിയില്‍ വച്ചു നടക്കുന്ന ഈ തിരുനാള്‍. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. 

തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ ഗായകസംഘങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്ന മരിയന്‍ സംഗീത മത്സരം രാവിലെ 9.30 മുതല്‍ എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ച് നടത്തപ്പെടുകയാണ്. കര്‍മ്മലനാഥയുടെ സന്നിധിയില്‍ ഇദംപ്രഥമമായി അരങ്ങേറുന്ന മരിയന്‍ സംഗീതമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായക സംഘങ്ങള്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി വിളിക്കേണ്ട നമ്പര്‍: 07944067570, 07720260194

 

ഫാ. ടോമി എടാട്ട്

പിആര്‍ഒ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.