Breaking Now

ചൈന സൈനിക രഹസ്യങ്ങൾ ചോർത്തുന്നു: അമേരിക്ക

അമേരിക്കൻ പ്രതിരോധ വെബ്സൈറ്റുകളിൽ നിന്ന് ചൈനീസ് സർക്കാരും സൈന്യവും വിവരങ്ങൾ ചോർത്തുന്നതായി അമേരിക്ക് കുറ്റപ്പെടുത്തി.

ഇതാദ്യമായാണ് പെന്റഗണിന്റെ വാർഷിക റിപ്പോർട്ടിൽ സൈബർ രഹസ്യങ്ങൾ ചോർത്തുന്നതിന് ചൈനീസ് ബന്ധം ആരോപിക്കപ്പെടുന്നത്. ആരോപണം ചൈന നിഷേധിച്ചു.

സൈന്യത്തിന്റെ ആധുനികവത്കരണത്തിന് ആവശ്യമുള്ള സാങ്കേതിക പരിജ്ഞാനം സ്വായത്തമാക്കുന്നതിനാണ് ചൈന ചാരപ്പണി നടത്തുന്നതെന്നാണ് അമേരിക്ക പറയുന്നത്. ഏറ്റവും ആധുനികമായ സ്​റ്റെൽത്ത് വിമാനനിർമ്മാണ വിദ്യ ചൈന ഇങ്ങനെ അപഹരിച്ചതായി കോൺഗ്രസിനു സമർപ്പിച്ച 83 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സൈബർ കടന്നുകയറ്റങ്ങൾ പ്രതിരോധ വ്യവസായങ്ങൾ,​ സൈനിക ആസൂത്രകർ,​ ഭരണാധികാരികൾ എന്നിവർക്കാണ് ഏറ്റവും പ്രയോജനം ചെയ്യുക.

യു.എസ് സർക്കാരിന്റെ വെബ്സൈറ്റുകൾ സ്ഥിരമായി ഹാക്കർമാർ ആക്രമിക്കുന്നതിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് ചൈനീസ് സേനയിലേക്കും സർക്കാരിലേക്കുമെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വഷളാകുമെന്ന് ചൈന

അമേരിക്ക നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ പരസ്​പര വിശ്വാസത്തിനും സഹകരണത്തിനും ഗുണകരമല്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. ആരോപണം നിഷേധിച്ച് ചൈന അതെക്കുറിച്ചുള്ള പ്രതിഷേധം അറിയിച്ചു.

ചൈനയുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായാണ് സൈനികമായി ശക്തി സംഭരിക്കുന്നതെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഹുവാ പറഞ്ഞു. ഇതെക്കുറിച്ചുള്ള അവാസ്​തവ പ്രചാരണവും വിമർശനവും ഉഭയകക്ഷി ബന്ധങ്ങൾക്ക് മുറിവേൽപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

സംശയ കാരണങ്ങൾ

തങ്ങളുടെ പ്രതിരോധ ബഡ്ജറ്റ് 1,​14,​000 കോടി ഡോളറാണെന്ന് ചൈന പറഞ്ഞിരുന്നു. എന്നാൽ അവർ കഴിഞ്ഞവർഷം 2,​00,​000 കോടി ഡോളർ വരെ ചെലവാക്കിയതായി അമേരിക്ക പറയുന്നു.

പ്രതിരോധ ശേഷി വർദ്ധനയിൽ ചൈന സുതാര്യത പാലിക്കുന്നില്ല.

പല അയൽരാജ്യങ്ങളുമായി അതിർത്തിത്തർക്കങ്ങളിൽ ഏർപ്പെടുന്നു.

ചൈന കഴിഞ്ഞവർഷം രണ്ടാമത്തെ സ്​റ്റെൽത്ത് യുദ്ധവിമാനം പരീക്ഷിച്ചു.

സാങ്കേതിക വിദ്യ സ്വന്തമാക്കുന്നതിന് ചാരപ്പണിയും ആകാമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.