
















ബ്രിട്ടനില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന കേസില്‍ അകത്തായ സിഖ് വംശജനെ ജയിലില്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കുന്നു. മറ്റ് തടവുകാരില്‍ നിന്നും ജീവന് ഭീഷണി നേരിട്ടതോടെയാണ് 23-കാരന്‍ വിക്രം ദിഗ്വയെ സെഗ്രഗേഷനിലേക്ക് മാറ്റിയത്.
രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ഇയാന്‍ ഹണ്ട്‌ലി ഈ വര്‍ഷം കൊല്ലപ്പെട്ട ജയിലിലെ വിംഗിലേക്ക് ഇറങ്ങാന്‍ പോലും ദിഗ്വ ഭയക്കുകയാണ്. ഡുര്‍ഹാമിലെ എച്ച്എംപി ഫ്രാങ്ക്‌ലാന്‍ഡിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.
ഹെന്‍ട്രിയെ മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം സ്ഥലത്തെത്തിയ പോലീസിനോട് താന്‍ വംശവെറിക്ക് ഇരയായെന്ന് നുണ പറഞ്ഞ സംഭവം ബ്രിട്ടനില്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതോടെ പോലീസും കുഴപ്പത്തില്‍ ചാടി. കേസില്‍ അകത്തായ ദിഗ്വ ഇപ്പോള്‍ 23 മണിക്കൂറും സെല്ലില്‍ തന്നെയാണ് കഴിയുന്നത്. നാല് ഗാര്‍ഡുമാര്‍ ഒപ്പമുള്ളപ്പോള്‍ വ്യായാമം ചെയ്യാന്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.
ടിവി ഉള്‍പ്പെടെ ജയിലിലെ ആനുകൂല്യങ്ങളും ദിഗ്വക്ക് നഷ്ടമായിട്ടുണ്ട്. 'ഭയപ്പെട്ടാണ് അയാള്‍ കഴിയുന്നത്. ഒരു വിംഗിലേക്ക് മാറാന്‍ പോലും തയ്യാറാകുന്നില്ല. എ-വിംഗിലേക്കാണ് ദിഗ്വയെ മാറ്റേണ്ടത്. എന്നാല്‍ ഹണ്ട്‌ലി കൊല്ലപ്പെട്ട സ്ഥലമാണെന്ന് അറിയുന്നതിനാല്‍ ഇതിന് തയ്യാറാകുന്നില്ല. ഇപ്പോള്‍ തന്നെ ജയിലില്‍ ദിഗ്വയെ കുറിച്ച് സംസാരമുണ്ട്', ശ്രോതസ്സുകള്‍ വ്യക്തമാക്കി.