CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 56 Seconds Ago
Breaking Now

ബ്രിട്ടനിലും കൊറോണകോവിഡിന്റെ വിളയാട്ടം. ...കാരൂര്‍ സോമന്‍, ലണ്ടന്‍

ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പന്‍മാര്‍ പാശ്ചാത്യരാണ്.  ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാര്‍ക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവില്‍ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക് അഭിമാനകരമാണ്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തുടങ്ങി പല പ്രമുഖര്‍ക്കും കൊറോണ കോവിഡ്  രോഗബാധയുണ്ടായത് ഇവിടുത്തുകാര്‍ക്ക് മാത്രമല്ല ലോക ജനതക്ക് തന്നെ ആശങ്കയാണുണ്ടാക്കിയത്. അവരെല്ലാം രോഗമുക്തരായി വരുന്നതില്‍ ആശ്വസിക്കാം. ലോകത്ത്  പകര്‍ച്ചവ്യാധി, മഹാമാരികളാല്‍  ലക്ഷകണക്കിന് ജീവന്‍ പൊലിഞ്ഞുപോയിട്ടുണ്ട്. ക്രിസ്തുവിന് അയ്യായിരം, രണ്ടായിരത്തി അഞ്ഞുറു  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈന, ഗ്രീസ്, സ്‌പെയിന്‍, ബ്രിട്ടനിലും അത് കണ്ടു. നാം എത്ര പുരോഗമിച്ചാലും മാലിന്യമനസ്സുകള്‍ പഠിക്കാത്തത് പലതുമുണ്ടെന്ന് മാരക രോഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.  മനുഷ്യന് പഠിക്കാന്‍, പഠിപ്പിക്കാന്‍ സാധിക്കാത്തത് അണുക്കള്‍ വൈറസ്സുകളായി നമ്മെ പഠിപ്പിക്കുന്നു. അതില്‍ വിശുദ്ധി, സത്യം, നീതിബോധം, യഥാര്‍ത്ഥ ഭക്തി എല്ലാം കടന്നു വരുന്നു.  പഠിച്ചില്ലെങ്കില്‍ കൊന്നുകളയും. കൊറോണ കോവിഡിന് പാസ്‌പോര്‍ട്ട് വേണ്ട, വിസ വേണ്ട. എവിടെയും കടന്നുചെല്ലാന്‍ വിസയുണ്ട്. നമ്മളെല്ലാം വൈറസിനെ ഭയന്ന് ഒളുവില്‍ പാര്‍ക്കുന്നു. പുറത്തിറങ്ങിയാല്‍ പിടികൂടും.  വന്‍ശക്തികളുടെ മരകായുധങ്ങളേക്കാള്‍ ശക്തിമാന്‍.   മനുഷ്യന്‍ മനുഷ്യബോംബായി നടക്കുന്ന കാലം

പോത്തു കുത്താന്‍ വരുമ്പോള്‍ മര്‍മ്മം നോക്കി നില്കരുതെന്നൊരു പഴമൊഴിയുണ്ട്. ഇവിടെ ആദ്യം നോക്കി നിന്നതിന്റ ഫലമാണ് കൊറോണ കുത്തിക്കൊല്ലാന്‍ കാരണമായത്. ഇപ്പോള്‍ കണ്ടത് പഠിച്ചതും പഠിക്കാത്തതും ഒന്നുപോലെ.  മനുഷ്യര്‍ പഠിക്കുന്നത് അത് പയറ്റാനാണ്. ഈ മാരക വൈറസ് രോഗം പടര്‍ന്ന് പന്തലിച്ചപ്പോഴാണ് ഇവിടുത്തെ ആരോഗ്യരംഗമുണര്‍ന്നത്.  ആദ്യം വേണ്ടുന്ന പ്രതിരോധ നടപടികള്‍ എടുത്തില്ല. അതുകൊണ്ടാണല്ലോ പ്രധാനമന്തിപോലും രോഗത്തിന് അടിമപ്പെട്ടത്.  ആദ്യം മുതല്‍ സി.പി.ഇ (പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ്) കൊടുത്തിരിന്നുവെങ്കില്‍,  ഐസൊലേഷന്‍ വാര്‍ഡുകള്‍, ക്വാറന്റ്റൈന്‍, വിമാനത്താവളങ്ങള്‍, രാജ്യത്തിന്റ ബോര്‍ഡറുകള്‍, പോലീസ് പരിശോധനകള്‍ നടന്നിരുന്നെങ്കില്‍ കൊറോണ കോവിഡ് ഇത്രമാത്രം ജീവന്‍ കവര്‍ന്നെടുക്കില്ലായിരുന്നു.  ഇപ്പോള്‍ ബ്രിട്ടന്‍ പയറ്റികൊണ്ടിരിക്കുന്നു. 

ഇവിടെ മരിച്ച നഴ്‌സായ മെയ് മോള്‍ ഹഡേഴ്‌സ് ഫീല്‍ഡില്‍ അന്ത്യവിശ്രമം കൊള്ളുമ്പോഴും അരികിലെങ്കിലും അന്ത്യചുംബനം നല്‍കാന്‍ പോലും കഴിയാതെ തകര്‍ന്ന ഹ്ര്യദയവുമായി ഇവിടെയുള്ള പ്രിയപ്പെട്ടവരുണ്ട്.  ജനിച്ചു വളര്‍ന്ന നാടിനും ജന്മം നല്‍കിയ അമ്മയ്ക്കും അച്ഛനും, ഇളം തളിരുകള്‍പോലെ വളരുന്ന കുഞ്ഞുങ്ങള്‍ക്കും അവള്‍ അന്യമായി. ഇങ്ങനെ വിനയ മധുരമായ പെരുമാറ്റ ശിശ്രുഷകള്‍ കൊണ്ട് കുടുംബത്തിനും  ദേശത്തിനും പ്രകാശദീപമായി നിന്ന ആരോഗ്യരംഗത്തെ സഹോദരി സഹോദരങ്ങളുടെ വേര്‍പാടില്‍ വീര്‍പ്പുമുട്ടി കഴിയുന്നവരാണ് പ്രവാസലോകത്തുള്ളവര്‍. 

ആരോഗ്യ രംഗത്ത് ഏറ്റവും മുന്‍നിരയില്‍ എപ്പോഴും രോഗികള്‍ക്കൊപ്പം സഞ്ചരിക്കുന്നത് നേഴ്‌സസ് ആണ്. അവരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് ആശുപത്രി അധികൃതരാണ്. ചില അധികാരികളുടെ മനോഭാവം ആനപ്പുറത്തിരിക്കുമ്പോള്‍ (രാഷ്ട്രീയമടക്കം) എന്തിന് ഭയക്കണമെന്നാണ്. മരണപറമ്പില്‍ ഭയപ്പെടുന്നത് ആരോഗ്യരംഗത്തുള്ളവര്‍ തന്നെയാണ്. അവര്‍ ആശങ്കയിലെന്ന കാര്യം ആരും മറക്കരുത് . അവര്‍ക്ക് ആവശ്യമായ ധൈര്യവും കരുതലും കൊടുക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയും കര്‍ത്തവ്യവുമാണ്.  രോഗിയെ ശിശ്രുഷിക്കാന്‍ പോയി ഒരു കുടുബത്തിന്റ അത്താണിയായ വ്യക്തിയുടെ ജീവന്‍ അപകടത്തിലായാല്‍ ആരാണ് ഉത്തരവാദി? അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനും ബുള്ളെറ്റ് പ്രൂഫ് കാറില്‍ സഞ്ചരിക്കുന്ന, പോലീസ് വലയത്തിലുള്ള  ഭരണാധിപനും ജീവന് സംരക്ഷണമുണ്ട്.  ഈ പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകമെങ്ങുമുള്ള ഡോക്ടര്‍സ്, നേഴ്‌സസ്, ലാബില്‍ ജോലി ചെയ്യുന്നവര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഇവര്‍ക്ക് എന്തൊക്കെ പരിരക്ഷ, സംരക്ഷണം നമ്മള്‍ കൊടുക്കുന്നു?  ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്. സമൂഹത്തില്‍ നടത്തുന്ന ശക്തമായ ഇടപെടുകള്‍,  ജാഗ്രത ആരോഗ്യ രംഗത്തും അത്യാവശ്യമാണ്.  ആരോഗ്യരംഗത്തു് പ്രവര്‍ത്തിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.  നാടിന്റ വിളക്കാണവര്‍. 

ഇവിടെയുള്ള യൂറോപ്യന്‍സ് കഴുകന്‍മാരുടെ കോലാഹലങ്ങള്‍ പോലെ പെരുമാറുന്നുണ്ട്. അവരുടെ രാജ്യത്തു് പന്ത് കളിച്ചു് കാലുമുറിഞ്ഞാലും ചികിത്സ തേടി വരുന്നത് ലണ്ടനിലാണ്.  ആശുപത്രിയില്‍ അവനെ നോക്കുന്ന ഡോക്ടര്‍പോലും അവന് കൊറോണയുണ്ടോയെന്ന് നോക്കാറില്ല. ഇവിടുത്തെ ചെറിയ വിമാനത്താവളങ്ങളിലൂടെയാണ് ഇവരുടെ വരവ്. യാതൊരു വിധ മെഡിക്കല്‍ പരിശോധനയോ സ്‌ക്രീനിംഗ് ഇല്ലാതെ പുറത്തേക്ക് പോകുന്നു.  അവരുടെ ജനസംഖ്യയെടുത്താല്‍ അറുപത് വയസ്സിന് മുകളിലുള്ളവര്‍ ഇവിടെയുള്ള ബ്രിട്ടീഷ്, ഏഷ്യാക്കാരെക്കാള്‍ വളരെ കുറവാണ്. അതിനാല്‍ രോഗികളുടെ എണ്ണത്തില്‍ കൂടുതല്‍ ബ്രിട്ടീഷ് ഏഷ്യക്കാരാണ്.  ജീര്‍ണ്ണമായ പാശ്ചാത്യ സംസ്‌കാരത്തിനുടമകളായ ഈ കൂട്ടര്‍ മാരക വൈറസ്സുമായി നടക്കുകയാണോ അതുമറിയില്ല. എന്റെ വീടിന് മുന്നിലെ റോഡ് തൂക്കുന്ന യൂറോപ്യന്‍ പോലും  ഒരു മാസ്‌കോ, കയ്യുറയോ ഇട്ട് കണ്ടില്ല. പലരും നടക്കുന്നത് കണ്ടാല്‍ ഇതുപോലൊരു മാരക വൈറസ് ലോകത്തുണ്ടോ അവര്‍ക്കറിയുമോ എന്ന് തോന്നും. കടിഞ്ഞാണില്ലാത്ത കുതിരയെപോലെ നടക്കുന്നു. അത് പാര്‍ക്കുകളിലും കാണാം. ബസ് സ്റ്റോപ്പില്‍ നിന്ന് തുപ്പുന്നതും കണ്ടിട്ടുണ്ട്. ദരിദ്ര രാജ്യത്തു് നിന്ന് സമ്പന്ന രാജ്യത്തു് വന്നിട്ടുള്ള ഈ കൂട്ടരേ കാണുമ്പൊള്‍ വൃത്തിയില്ലാത്ത ബംഗ്‌ളാദേശികളെയാണ് ഓര്‍മ്മ വരുന്നത്. ചെറുപ്പം മുതലേ അച്ചടക്കവും അനുസരണയും പഠിച്ചുവളര്‍ന്ന ബ്രിട്ടീഷ്‌കാരും ഇന്ത്യക്കാരും വീടിനുള്ളില്‍ കൊറോണ കൊവിഡിനെ ഭയന്നു തന്നെയാണ് കഴിയുന്നത്. അച്ചടക്കം പരിപാലിക്കുന്നു. 

2001 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ജനസംഖ്യ 1.1 മില്യനെങ്കില്‍ 2011 ല്‍ 1,412,958 മില്യനാണ്. ഇവിടുത്തെ ആരോഗ്യ രംഗം ലോകോത്തരനിലവാരത്തില്‍ വളരെ മുന്നിലെന്ന് പറയാന്‍ കാരണം ഞനൊരു ഡയബെറ്റിക്ക് ഇന്‍സുലിന്‍ എടുക്കുന്ന വ്യക്തിയാണ്. എനിക്ക് ഏത് മരുന്നും പണം കൊടുക്കാതെ ലഭിക്കുന്നു.  ഇതുപോലെ ലക്ഷകണക്കിന് രോഗികള്‍ക്കാണ്   പണച്ചിലവില്ലാതെ വൈദ്യ സഹായം ലഭിക്കുന്നത്.  അത് വലിയ വലിയ ശാസ്ത്രക്രിയകളിലും കാണാം. അങ്ങനെയുള്ള ഒരു രാജ്യത്തു് എന്തുകൊണ്ടാണ് ഈ മാരകരോഗത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒന്നാം എലിസബത്ത് രാഞ്ജിയുടെ 1558 1603 ല്‍ ലണ്ടനിലടക്കം പ്‌ളേഗ് മൂലം മരിച്ചത്  അന്‍പത്തയ്യായിരത്തിലധികമാണ്. ബ്രിട്ടനില്‍ ഏറ്റവും വലിയ പ്‌ളേഗ് ബാധയുണ്ടായത് 1665  1666 ല്‍ രണ്ട് ലക്ഷം മനുഷ്യരുടെ ജീവനാണ് അപഹരിച്ചത്.  കാലാകാലങ്ങളിലായി യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസുകള്‍ പടര്‍ന്നു പിടിച്ചു് ജനലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്.   

ഇവിടെയുള്ള ചില ഏഷ്യന്‍ ചെറുകിട കച്ചവടക്കാരെപ്പറ്റി പറഞ്ഞാല്‍ കൊള്ളലാഭം കൊയ്യാന്‍ അവരും മറന്നില്ല.  അഞ്ചുകിലോ ടോയിബോയ് അരിക്ക് 6.40 പൗണ്ടെങ്കില്‍ ഇപ്പോള്‍ വാങ്ങിയത് 10 13 രൂപ. എലിഫന്റ് ആട്ട 8 പൗണ്ടിന് വിറ്റത് 20 പൗണ്ടിന്. ഇതൊന്നും ബ്രിട്ടീഷ് കടകളില്‍ കാണുന്ന കാര്യമല്ല.  ചതിയും വഞ്ചനയും നടത്തി കാശുണ്ടാക്കുന്നവര്‍. തൂലിക ടി.വി. എഡിറ്റര്‍ ജി.സാമുവേല്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. എന്ത്‌കൊണ്ട് ഉടനടി ഫോണില്‍ വിളിച്ചു് പരാതിപ്പെട്ടില്ല. ഉടനടി അദ്ദേഹം പറഞ്ഞത്   ജീവന്‍ നിലനിര്‍ത്താന്‍ ഒരു മണിക്കൂര്‍ ക്യുവില്‍ നിന്നാണ് അരി വാങ്ങിയത്. അതിനിടയില്‍ പരാതിപ്പെടാന്‍ എവിടെ സമയം? ഇപ്പോള്‍ അവരുടെ കൊയ്ത്തുകാലമാണ്. പിന്നെ മലയാളിയുടെ സ്വഭാവമറിയാമെല്ലോ. വിദ്വാന് മൗനം ഭൂഷണമെന്നപോലെ മൗനികളല്ലേ?  ആദ്യമൊക്കെ കടകളില്‍ ആഹാര സാധങ്ങള്‍ നന്നേ കുറവായിരിന്നു. എല്ലവരുമങ്ങു് വാരിക്കൂട്ടി. ഇപ്പോള്‍ അതിനൊക്കെ കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രമുഖ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഇതുപോലുള്ള ചൂഷണങ്ങള്‍ നടക്കില്ല.  എന്നാല്‍ ഈ കടകളില്‍ ഇന്ത്യന്‍ സാധനങ്ങള്‍ വളരെ കുറവാണ്. 

 

ചന്ദ്രനില്‍ കൂടുകെട്ടാന്‍ വെമ്പല്‌കൊള്ളുന്ന മനുഷ്യന്‍, വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ തീറ്റിപോറ്റുന്ന   ഭരണകൂടങ്ങള്‍,  ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ വൈറസുകള്‍  എല്ലായിടവും ഇറക്കുമതി ചെയ്ത് പാവങ്ങളെ കൊന്നൊടുക്കിയാല്‍ അരുമതറിയില്ല. ഒടുവിലവര്‍ വവ്വാലുകളിലും മൃഗങ്ങളിലും കൊണ്ടുവന്ന് കെട്ടിവെച്ചു് രക്ഷപ്പെടും. ഇതൊക്കെ ഒന്നാം ലോയകമഹായുദ്ധത്തില്‍ നമ്മള്‍ കണ്ടതാണ്.  യുദ്ധകാലത്താണ് ഇതൊക്കെ കൂടുതല്‍ കാണുന്നത്. ഇറാക്ക് യുദ്ധകാലത്തു് സദാം ഹുസ്സയിന്‍ വിഷവാതകം കടത്തിവിടുമോയെന്ന് ഭയന്ന് സൗദിയില്‍ മുറികള്‍ സീല്‍ ചെയ്ത്, മാസ്‌ക്ക് ധരിച്ചിരുന്നത് ഓര്‍ത്തുപോയി.  

കേരളത്തില്‍ മാരകമായ വസൂരി പടര്‍ന്ന് പിടിച്ചപ്പോള്‍ 1931 ല്‍ നെയ്യാറ്റിന്‍കരയില്‍ വീടുവീടാന്തരം കയറിയിറങ്ങി രോഗ സ്ഥീതി അറിയുമായിരിന്നു. കേരളത്തില്‍ നടത്തുന്ന ആരോഗ്യ സംരക്ഷണനടപടികള്‍ എന്ത്‌കൊണ്ട് ഇതുവരെ ഗള്‍ഫില്‍ നടത്തുന്നില്ല? പ്രവാസികളെ എന്നും കറവപശുക്കളെപോലെയാണ് ഭരണാധികാരികള്‍ കണ്ടിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇന്നുള്ള തന്ത്രം ആ പാര്‍ട്ടിയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ എന്തെങ്കിലും പദവി കൊടുത്തിരുത്തും.  സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഒന്നും പറയരുത്. പണമൊഴിഞ്ഞ പെട്ടിപോലെ പാവം പ്രവാസി ഇതെല്ലം കണ്ടിരിക്കും.  കേരളത്തിലെ സാഹിത്യരംഗത്തുള്ളവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. പ്രവാസികള്‍ നാടിന്റ പട്ടിണി മാറ്റി എന്നൊക്കെ പ്രസംഗിക്കും. എന്നാല്‍ ഇന്നുവരെ അവര്‍ക്കായി എന്ത് ചെയ്തുവെന്നോ അവര്‍ വിദേശ രാജ്യങ്ങളില്‍ എത്രയുണ്ടോ അതുപോലുമറിയില്ല. ഗള്‍ഫ് ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഉടനടി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെടണം.  തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കുമെന്ന് നമ്മുടെ കേന്ദ്രമന്ത്രി പറഞ്ഞത് ഒരാശ്വാസമാണ്.  

പാശ്ചാത്യ രാജ്യങ്ങളിലും പ്രയാസങ്ങള്‍ അനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. അതില്‍ ഒരു കൂട്ടരാണ് നിത്യവും കടകളില്‍ ജോലിചെയ്ത് ജീവിക്കുന്നവര്‍.  ഇന്ന് ജോലിയില്ല. ഇങ്ങനെ വിവിധ മേഖലകളില്‍ ദുഃഖ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ? ഇവരില്‍ പലരും ഇവിടുത്തെ പൗരന്മാരല്ല. വിദേശ രാജ്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഊടും പാടും നെയ്യുന്നവര്‍ക്ക് അതൊന്നും കാണാന്‍ കണ്ണില്ല.  ഫെയ്‌സ് ബുക്കിലെ പ്രതികരണ തൊഴിലാളികളെപോലെ അനുസരണ തൊഴിലാളികളാണല്ലോ. അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മള്‍ കടന്നിരിക്കുന്നത്. ചൈന പുറത്തുവിട്ട ഭൂതം ഏറ്റവുമധികം തങ്ങി നില്‍ക്കുന്നത് വികസിത രാജ്യങ്ങളിലാണ്. എന്തുകൊണ്ടെന്ന് ഇന്നും വ്യക്തമായിട്ടില്ല. ഇവിടെയെല്ലാം മലയാളികളുള്ളത് കേരള സര്‍ക്കാര്‍ മറക്കരുത്. ഈ ഭീഷണി നേരിടാന്‍ നാം സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേരണം.  ഇനിയെങ്കിലും മനുഷ്യന്‍ മനുഷ്യനോട്,  മൃഗത്തോടെ, പ്രപഞ്ചത്തോടെ കൂടുതല്‍ ദയാലുവാകുക. 

(www.karoorsoman.net)

 

 

 
കൂടുതല്‍വാര്‍ത്തകള്‍.