CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 50 Seconds Ago
Breaking Now

കൊറോണാവൈറസിനെതിരെ പടപൊരുതുന്ന തങ്ങളുടെ അമ്മമാര്‍ക്കുവേണ്ടി ലിവര്‍പൂളിലെ കുരുന്നുകള്‍ ഒരുക്കുന്ന സ്‌നേഹാദരം

നമുക്കറിയാവുന്നതു പോലെ കോവിഡ്-19 , ഇംഗ്ലണ്ട് എന്ന സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തെ നിശ്ശബ്ദമാക്കി, അന്ധകാരത്തിലാഴ്ത്തിയപ്പോള്‍ തങ്ങളുടെ സ്വന്തം സുരക്ഷ പോലും മറന്നു ഈ നാടിനെയൂം നാട്ടുകാരെയും സംരക്ഷിക്കുവാനായി ഇറങ്ങിത്തിരിച്ചത് നമ്മുടെ തന്നെ ഇടയിലുള്ള ആതുരസേവന പ്രവര്‍ത്തകര്‍ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ പോലും മറന്നു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ച ആതുര സേവന പ്രവര്‍ത്തകരെ രാജ്യം ആദരിക്കുന്നതും നമ്മള്‍ കണ്ടു. 

തങ്ങളുടെ പ്രിയപ്പെട്ട പിതാവോ, മാതാവോ അത്യന്തം ബുദ്ധിമുട്ടുള്ള ജോലി ചെയ്യുവാന്‍ പോകുന്നത് കണ്ടു വേദനയോടെ നിലകൊണ്ട ഒരു കൂട്ടരുണ്ട്- നമ്മുടെ കുഞ്ഞുമക്കള്‍. സങ്കടത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജോലിക്കു പോയി തിരിച്ചു വരുന്നതു വരെ അവര്‍ മാതാപിതാക്കളുടെ സുരക്ഷക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നഴ്സുമാരായ തങ്ങളുടെ അമ്മമാര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ കണ്ട 12 വയസ്സിനു താഴെയുള്ള ലിവര്‍പൂളിലെ കുഞ്ഞുമക്കളുടെ ഉള്ളില്‍ ഉടലെടുത്ത ഒരു ആശയമായിരുന്നു അമ്മമാര്‍ക്ക് വേണ്ടി ആദരം അര്‍പ്പിച്ചു എന്തെങ്കിലും ചെയ്യുക എന്നത്. 

അമ്മമാരുടെ സഹായത്തോടെ, കൊറോണ വൈറസിനെ തുടച്ചു നീക്കുവാന്‍ പാടുപെടുന്ന നമ്മുടെ ഇടയിലെ മുന്‍നിര പോരാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു നൃത്തോപാഹാരമാണ് ഈ കുരുന്നുകള്‍ തയ്യാറാക്കിയത്. അവര്‍ തയ്യാറാക്കിയ ഈ നൃത്തോപഹാരം ഒരു സാധാരണ സൃഷ്ടിയായി തോന്നാമെങ്കിലും ഈ വീഡിയോയുടെ ചിത്രീകരണത്തിലും, ആശയ രൂപീകരണത്തിലും, എഡിറ്റിങ്ങിലും, അണിയറയിലും  പൂര്‍ണമായും ഇവരുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. 

അലീറ്റ രാജു, അന്ന എലിസബത്ത് ജോര്‍ജ്, ദിയ ജോബി, എലിസ റോജി, ലിയോണി ജോബി, നേവ ഫിലിപ്‌സ്, മരിയ അന്ന ജോര്‍ജ് എന്നിവര്‍ നൃത്ത ചുവടുകള്‍ വച്ചപ്പോള്‍ അവരുടെ ചലനങ്ങള്‍ സഹോദരങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. വീഡിയോ എഡിറ്റിങ് പൂര്‍ണമായും നിര്‍വഹിച്ചിരിക്കുന്നത് യു.കെ യിലെ ഹോര്‍ഷാമില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എമിലിന്‍ ജിസ്‌മോനാണ്. കൊറോണ വൈറസ് എന്ന ഭീകര വ്യാധിക്കെതിരെ പോരാടുന്ന ഈ ലോകത്തിലെ എല്ലാവര്‍ക്കുമായി ഈ  നൃത്തോപാഹാരം സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

വാര്‍ത്ത: ജോബി ലിവര്‍പൂള്‍




കൂടുതല്‍വാര്‍ത്തകള്‍.