CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 53 Minutes 3 Seconds Ago
Breaking Now

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി പതിനയ്യായിരം കടന്നു ; 3500 പേര്‍ മരിച്ചു

മുംബൈയില്‍ 1382 പുതിയ കേസും 41 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു. മരണം 3500 കവിഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2345 പുതിയ കേസും 64 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതര്‍ 41642ഉം മരണം 1454ഉം കടന്നു. മുംബൈയില്‍ 1382 പുതിയ കേസും 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ രോഗബാധിതര്‍ 1425 ആയി. 571 പുതിയ കേസുകള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രോഗബാധിതര്‍ 11659ഉം മരണം 194ഉം കവിഞ്ഞു.

7 പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഹാരാജ അഗ്രസന്‍ ആശുപത്രിയിലെ മലയാളി നഴ്‌സിനും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 371ഉം മധ്യപ്രദേശില്‍ 248ഉം യുപിയില്‍ 360ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനത്തിന് ഒപ്പം രോഗമുക്തി നിരക്ക് കൂടുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. 40.26% പേര്‍ രോഗമുക്തരായി. 300ന് താഴെ മാത്രമാണ് വെന്റിലേറ്ററില്‍ ഉള്ളവരെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

തമിഴ്‌നാട്ടില്‍ ഏഴ് പേരും തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ ഒരാളുമാണ് ഇന്നലെ മരിച്ചത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 234 ആണ്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാട് തന്നെ. ഇന്നലെ 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 13967 ആയി. ചെന്നൈയില്‍ മാത്രം 567 പേര്‍ക്ക് രോഗം കണ്ടെത്തി. 94 ആണ് സംസ്ഥാനത്തെ മരണസംഖ്യ. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ കയറി വിവര ശേഖരണവും പരിശോധനയും നടത്താനുള്ള തയ്യാറെടുപ്പും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

 

തെലങ്കാനയും രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ഇന്നലെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. ലോക്‌ഡൌണില്‍ കാര്യമായ ഇളവുകള്‍ നല്‍കാതെയാണ് സംസ്ഥാനം രോഗത്തെ പ്രതിരോധിക്കുന്നത്. ഹൈദരാബാദിലാണ് കൂടുതല്‍ രോഗികളും മരണവും സംഭവിച്ചത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1699 ആണ്. മരണ സംഖ്യ 45 ആയി ഉയര്‍ന്നു.

 

ആന്ധ്ര പ്രദേശില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. 45 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 2605 ആയി. 54 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ട് തവണയാണ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍ എത്തിയത്. 143 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1605 ആയി. 41 ആണ് സംസ്ഥാനത്തെ മരണസംഖ്യ.

 




കൂടുതല്‍വാര്‍ത്തകള്‍.