CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 11 Seconds Ago
Breaking Now

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി അമേരിക്ക

ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്നാണ് ചട്ടം. അതിനാലാണ് അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തിലാകുന്നത്.

കോവിഡ് 19 വ്യാപനത്തല്‍  യു എസിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍  ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി അമേരിക്ക. തീരുമാനം ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ വൈറ്റ്ഹൗസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാന്‍ നോട്ടീസ് നല്‍കിയ വിവരം യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്ഥിരീകരിച്ചു. പിന്‍മാറ്റം 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരും. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വര്‍ഷം മുന്‍പ് അറിയിക്കണമെന്നാണ് ചട്ടം. അതിനാലാണ് അടുത്ത വര്‍ഷം ജൂലൈ 6 മുതല്‍ തീരുമാനം പ്രാബല്യത്തിലാകുന്നത്. അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയതായുള്ള അറിയിപ്പ്  കോണ്‍ഗ്രസ്സിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്റര്‍ ആയ ബോബ് മെനന്‍ഡസ് ട്വീറ്റ് ചെയ്തു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ അമേരിക്ക നല്‍കുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും. ചൈനയ്ക്ക് അനുകൂലമായ ലോകാരോഗ്യ സംഘടനയുടെ നിലപാടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെയാണ് യു.എസിന്റെ പിന്‍മാറ്റം. പിന്‍മാറ്റം സാധ്യമാകുന്നതോടെ സാമ്പത്തിക സഹായവും നിലച്ചേക്കും.

ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിവരുന്ന രാജ്യമാണ് അമേരിക്ക. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കിവന്നിരുന്നത്. മൊത്തം സംഘടനക്ക്? ലഭിക്കുന്ന തുകയുടെ 15 ശതമാനം. കോവിഡ് ബാധയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടനക്ക് അറിവുണ്ടായിരുന്നുവെന്നും ചൈനക്ക് വേണ്ടി ഇതു മറച്ചുവെച്ചെന്നും നേരത്തേ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

രാജ്യത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.