CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 47 Seconds Ago
Breaking Now

ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന; സ്വപ്ന സുരേഷിനായി തിരച്ചില്‍ ; കേസില്‍ മറ്റൊരു അറസ്റ്റ് കൂടി

സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും പെന്‍ഡ്രൈവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്. ഇവര്‍ തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ കസ്റ്റംസ് പരിശോധന നടത്തി. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.അതിനിടെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്ന് ലഭിച്ച ലാപ്‌ടോപ്പും പെന്‍ഡ്രൈവും കസ്റ്റംസ് പരിശോധിച്ചു വരികയാണ്. കൂടാതെ ഫ്‌ലാറ്റിലെ സിസി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലും  സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ എക്‌സൈസും ഐ.ബിയും ഒരു പോലെ വലവിരിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല.  സ്വര്‍ണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്‌ലാറ്റില്‍ നിന്നും സ്വപ്ന സുരേഷ് ഒളിവില്‍ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്‌ലാറ്റ് സമുച്ചയത്തിലെ ആറാം നിലയില്‍ സ്വപ്ന താമസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വക്കീല്‍ മുഖാന്തരം സ്വപ്ന ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സാധ്യതയും കസ്റ്റംസിന് മുന്നിലുണ്ട്. യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ അവിടെ നിന്നെത്തുന്ന സംഘമാകും ചോദ്യം ചെയ്യുക.

സ്വര്‍ണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാര്‍ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. സ്വപ്ന ആഢംബര ജീവിതം നയിച്ചിരുന്നില്ല.

15 കോടിരൂപ വിലവരുന്ന 30 കിലോ സ്വര്‍ണമാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍വന്ന ഡിപ്ലോമാറ്റിക് പാഴ്‌സലില്‍ കണ്ടെത്തിയത്. ഐ ടി വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന്‍ മാനേജര്‍ സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി.

അതിനിടെ കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപ് ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിച്ചു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആര്യനാടുള്ള ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ആ ദൃശ്യങ്ങളില്‍ കൂടെ സ്വപ്!നയും ഉണ്ടായിരുന്നു. സന്ദീപ് എന്നായിരുന്നു ആ കടയുടമയുടെ പേര്. സന്ദീപ് സ്വപ്!നയുടെ അടുത്ത സുഹൃത്താണ്. ഈ സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കും ഈ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇപ്പോള്‍ ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  കള്ളക്കടത്തുവഴി ലഭിച്ച പണം ഉപയോഗിച്ച് തുടങ്ങിയതാണ് ഈ സ്ഥാപനമെന്നാണ് വിലയിരുത്തല്‍. സന്ദീപ് ഒളിവില്‍ പോയിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.