എന്‍എച്ച്എസ് ജീവനക്കാരന്‍ ആണെങ്കില്‍ പോലും തൊലിയുടെ നിറം കറുത്താല്‍ ഭയക്കണം എന്നതാണ് അവസ്ഥ. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിസ്റ്റോളില്‍ എന്‍എച്ച്എസ് ജീവനക്കാരന് നേരിടേണ്ടി വന്ന ഗുരുതരമായ അക്രമം. കറുത്തവര്‍ഗ്ഗക്കാരനായ എന്‍എച്ച്എസ് ജീവനക്കാരെ കാറിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം വംശീയമായ അക്രമം തന്നെയാണെന്ന് പോലീസ് കരുതുന്നു.
പേര് വെളിപ്പെടുത്താത്ത 21-കാരനായ എന്‍എച്ച്എസ് ജീവനക്കാരന്റെ കാല്‍ ഒടിഞ്ഞതിന് പുറമെ മൂക്കും, താടിയെല്ലും ഒടിഞ്ഞിട്ടുണ്ട്. ജൂലൈ 22ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് മേഖലയില്‍ വൈകുന്നേരം 4.30ഓടെയാണ് കാര്‍ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചത്. ഭയപ്പെടുത്തുന്ന അക്രമം സംഭവിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവരാണ് പരുക്കിന്റെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി പങ്കുവെച്ചത്.
വംശീയമായ അക്രമം തന്നെയാണ് അരങ്ങേറിയതെന്ന് എവോണ്‍ & സോമര്‍സെറ്റ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ദൃക്‌സാക്ഷികളോട് മുന്നോട്ട് വരാനും അവര്‍ ആവശ്യപ്പെടുന്നു. സൗത്ത്മീഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇര പോലീസ് വഴിയാണ് സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിട്ടത്. 'ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണം ഇതൊക്കെ ശരിപ്പെടാന്‍. മുഖത്തിന് പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടിവരും, ഇത് മറ്റാര്‍ക്കും സംഭവിക്കരുത്, ജാഗ്രത പാലിക്കണം', ഇര വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ തന്നെ സഹായിക്കാന്‍ ഓടിയെത്തിയവര്‍ക്കും, എന്‍എച്ച്എസ് ജീവനക്കാര്‍ക്കും. പോലീസിനും, വംശീയവിരുദ്ധ ചാരിറ്റിക്കും അദ്ദേഹം നന്ദി പറഞ്ഞു. അക്രമം ഏറെ ദുഃഖകരമാണെന്ന് നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രിയ യംഗ് പ്രതികരിച്ചു. നഗരത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരെയാണ് ഈ അക്രമമെന്ന് ബ്രിസ്റ്റോള്‍ ഡെപ്യൂട്ടി മേയര്‍ ആഷര്‍ ക്രെയ്ഗ് പറഞ്ഞു.