CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 6 Minutes 37 Seconds Ago
Breaking Now

കരുണയുടെ നിറദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദി ആരംഭിച്ച 'Let's Break It Together' ലൈവ് ഷോ ആസ്വാദകര്‍ നെഞ്ചിലേറ്റി ആവേശകരമായ പരിസമാപ്തിയിലേക്ക് ; ആഗസ്റ്റില്‍ 12 ലൈവുകള്‍; സ്വാതന്ത്ര്യദിനത്തിലും തിരുവോണ ദിവസവും കുട്ടികളുടെ പ്രത്യേക പരിപാടികള്‍ ; ആഗസ്റ്റ് 31 ന് ഉജ്ജ്വലമായ സമാപനം

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആവേശകരമായ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യദിനം, തിരുവോണം സ്‌പെഷലുകള്‍ ഉള്‍പ്പടെ 12 ലൈവുകളാണ് ആഗസ്റ്റില്‍ നടക്കുന്നത്. 'സൂപ്പര്‍ വീക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗസ്റ്റിലെ അവസാന ആഴ്ചയില്‍ മാത്രം നാല് ലൈവ് പരിപാാടികളാണ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും സെപ്റ്റംബര്‍ മുതല്‍ വീണ്ടും തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍ഫോം ചെയ്യാന്‍ വേണ്ടി മാത്രമായി തുടങ്ങിയ 'Let's Break It Together' ഷോ തുടര്‍ന്ന് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഷോ ആഗസ്റ്റ് അവസാനത്തോടെ നിര്‍ത്തുവാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരായത്.

കാരുണ്യ ദീപങ്ങളായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിക്കുവാനായി യുക്മ സാംസ്‌കാരിക വേദി ആരംഭിച്ച 'Let's Break It Together' ല്‍ യുകെയില്‍ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രതിഭകളായ കുട്ടികളെ പങ്കെടുപ്പിച്ചും ലൈവ് ഷോ നടത്തണമെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. പരിപാടികള്‍ ആരംഭിച്ചതിനുശേഷം യുകെയില്‍ നിന്നും നിരവധി കുട്ടികള്‍ 'Let's Break It Together' കാമ്പയിനില്‍ പങ്കെടുക്കുവാന്‍ മുന്നോട്ടു വന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളായ കുട്ടികള്‍ പരിപാടികള്‍ നടത്തുവാന്‍ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അവരെയെല്ലാം ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നതില്‍ സംഘാടകസമിതി അതീവമായ ഖേദം പ്രകടിപ്പിക്കുന്നു. 

യുക്മ കുട്ടികള്‍ക്കായി ഭാവിയില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ അവര്‍ക്കും അവസരം നല്‍കുവാന്‍ പരിശ്രമിക്കുന്നതാണ്. എന്നാല്‍ ' Let's Break It Together' ലൈവ് ഷോയുടെ ആരംഭത്തില്‍തന്നെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച  സാഹിത്യ മത്സരങ്ങളില്‍ വിജയിയായിട്ടുള്ള ഷേബാ ജെയിംസിന്റെ ബാംഗ്ലൂരില്‍ താമസിക്കുന്ന സഹോദരിയുടെ കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുവാനായി താല്പര്യപൂര്‍വ്വം വീഡിയോസും വിശദാംശങ്ങളും അയച്ചുതന്നിരുന്നതുകൊണ്ട് ആരംഭത്തില്‍ത്തന്നെ ആ പരിപാടി സംഘാടകര്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. 

സെപ്റ്റംബര്‍ ആദ്യം യുകെയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച്ച യു കെ സമയം 5 p m ന് ( ഇന്ത്യ 9 .30 pm) ബാംഗ്ലൂരില്‍ നിന്നുള്ള സംഗീതോപകരണങ്ങളില്‍ അതീവ പ്രവീണ്യരായ കുട്ടികളുടെ തിരുവോണ ദിന സ്‌പെഷ്യല്‍ പരിപാടിയോടെ  'Let's Break It Together' ലൈവ് ഷോയ്ക്ക് ഉജ്ജ്വലമായ പരിസമാപ്തി കുറിക്കും.

ആഗസ്റ്റ് നാലിന് നടന്ന ലൈവോടെ ആരംഭിച്ച ആഗസ്റ്റ് മാസത്തെ ഷോയില്‍ രണ്ടാമത്തെ ലൈവ് മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ട് കലാപ്രതിഭകള്‍ പെര്‍ഫോം  ചെയ്യുവാനെത്തുന്നത് ഇന്ന് (08/08/2020) ശനിയാഴ്ചയാണ്. തുടര്‍ന്ന് 11/08/2020 ചൊവ്വ മാഞ്ചസ്റ്ററില്‍ നിന്ന് തന്നെ രണ്ട് കലാമുകുളങ്ങള്‍ ലൈവിലെത്തുമ്പോള്‍ 13/08/2020, വ്യാഴം ലൈവിലെത്തുന്നത് നോട്ടിംഗ്ഹാമില്‍ നിന്നുള്ള അഞ്ച് കലാവിസ്മയങ്ങളാണ്. 15/08/2020, ശനി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനത്തില്‍, സ്വാതന്ത്ര്യദിന സ്‌പെഷലുമായി എത്തുന്നത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള നാല് സംഗീത വിസ്മയങ്ങളാണ്. 18/08/2020, ചൊവ്വാഴ്ച  തുടങ്ങുന്ന ആഗസ്റ്റിലെ മൂന്നാമത്തെ ആഴ്ചയില്‍ ലെസ്റ്ററില്‍ നിന്നുള്ള മൂന്ന് കലാകൗമാരങ്ങള്‍ ലൈവിലെത്തുമ്പോള്‍, 20/08/2020 വ്യാഴം ഷോയിലെത്തുന്നത് നോര്‍ത്താംപ്ടണില്‍ നിന്നുള്ള മൂന്ന് കുട്ടി പ്രതിഭകളാണ്. 

22/08/2020, ശനിയാഴ്ച കേംബ്രിഡ്ജില്‍ നിന്നുള്ള മൂന്ന് കലാമുകുളങ്ങള്‍ ലൈവിലെത്തുമ്പോള്‍ 25/08/2020 ചൊവ്വ അരങ്ങിലെത്തുന്നത് ലണ്ടനില്‍ നിന്നുള്ള ആറ് കലാവിസ്മയങ്ങളാണ്. തുടര്‍ന്ന് 27/08/2020, വ്യാഴം പീറ്റര്‍ബറോയില്‍ നിന്നുള്ള രണ്ട് കുട്ടി പാട്ടുകാര്‍ ലൈവിലെത്തുമ്പോള്‍ 29/08/2020, ശനിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് കാര്‍ഡിഫില്‍ നിന്നുള്ള രണ്ട് സംഗീത വിസ്മയങ്ങളാണ്. 'Let's Break It Together' ഷോയുടെ അവസാന ദിവസമായ 31/08/2020, തിങ്കള്‍, തിരുവോണദിന സ്‌പെഷല്‍ തകര്‍പ്പന്‍  ഷോയുമായി എത്തുന്നത് ബാംഗ്‌ളൂര്‍ നിന്നുള്ള മൂന്ന് കുട്ടികളാണ്. 

 

മെയ് 28, വ്യാഴം 5 PM ന് ആരംഭിച്ച 'Let's Break It Together' ലൈവ് ഷോ ഇതിനോടകം വളരെ വിജയകരമായ 20 ലൈവുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സംഗീതോപകരണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട്  വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആരംഭിച്ച ഷോയില്‍ 20 ലൈവുകളിലായി ഇതിനോടകം 54 കൗമാര പ്രതിഭകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു. 

പിയാനോ, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, ഫ്‌ളൂട്ട്, ഡ്രംസ്, മൌത്ത് ഓര്‍ഗന്‍, ചെല്ലോ, ചെണ്ട, മൃദംഗം, റിഥം പാഡ് എന്നിങ്ങനെ വിവിധങ്ങളായ സംഗീതോപകരണങ്ങള്‍, തികഞ്ഞ  പ്രൊഫഷണുകളെ പോലും അതിശയിപ്പിക്കുന്ന വിധത്തില്‍ പെര്‍ഫോം ചെയ്യുന്ന പ്രതിഭകളോടൊപ്പം അനുഗ്രഹീതരായ കുട്ടിപാട്ടുകാരും ചേര്‍ന്നപ്പോള്‍ പ്രേക്ഷകരേയും സംഘാടകരേയും അതിശയിപ്പിക്കുന്ന വിധത്തില്‍ ഷോയുടെ നിലവാരം ഉയരുകയായിരുന്നു. 

മാസങ്ങള്‍ നീണ്ട് നിന്ന ലോക്ക് ഡൌണ്‍ സമയത്ത് വീടുകളില്‍ വീര്‍പ്പ് മുട്ടി കഴിഞ്ഞിരുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികോല്ലാസത്തിന് ഉതകുന്ന വിധത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് യുക്മ സാംസ്‌കാരിക വേദി ഇത് പോലൊരു ആശയവുമായി മുന്നോട്ട് വന്നത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തില്‍  യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി C A ജോസഫ് മുഖ്യ സംഘാടകനും  യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതിയാണ് ലൈവ് ഷോയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

എക്കാലവും വേദിയുടെ പിന്നില്‍ ഒതുങ്ങി പോയിരുന്ന ഉപകരണ സംഗീത വിഭാഗത്തിന് പ്രാമുഖ്യം നല്‍കിയതാണ് 'Let's Break It Together' ഷോയെ മറ്റ് സംഗീത ലൈവ് ഷോകളില്‍ നിന്നും വ്യത്യസതമാക്കിയത്.

'Let's Break It Together' ഷോയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലൈവ് ഷോയാക്കി തുടക്കം മുതല്‍ നിലനിര്‍ത്തിയത് ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കഠിന പരിശീലനം, കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍, കുട്ടികളെ പരിശീലിപ്പിക്കുന്ന ഗുരുക്കന്‍മാര്‍ എന്നിവരുടെ അര്‍പ്പണബോധമാണ്. 'Let's Break It Together' ഷോയുടെ ആരംഭം മുതല്‍ ഷോയ്ക്ക് ഉറച്ച പിന്തുണയുമായി നില്‍ക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതാസ്വാദകരാണ് ഈ വിജയത്തിന്റെ ചാലക ശക്തികള്‍.

'LET'S BREAK IT TOGETHER' ലൈവ് ഷോയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും യുക്മയുടെ ആഭിമുഖ്യത്തില്‍ ഷോയുടെ അവസാന ലൈവിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് എത്തിച്ച് നല്‍കുന്നതിന് സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായി വരുന്ന മുറയ്ക്ക് 'Let's Break It Together' ലൈവില്‍ പകെടുത്ത മുഴുവന്‍  കലാപ്രതിഭകളേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മെഗാ സ്റ്റേജ് ഷോയ്ക്കും സംഘാടകര്‍ ആലോചിക്കുന്നുണ്ട്.

 'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

'Let's Break It Together' ഷോയുടെ വിജയകരമായ നടത്തിപ്പിന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരോടൊപ്പം കുട്ടികള്‍ക്കാവശ്യമായ  സാങ്കേതിക സഹായവുമായി റെക്‌സ് ബാന്റ് യു കെ യുടെ റെക്‌സ് ജോസ്, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും സംഘാടക സമിതിക്കൊപ്പമുണ്ട്.

Sajish Tom

കുര്യന്‍ ജോര്‍ജ്ജ്

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.