CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 12 Seconds Ago
Breaking Now

ആവേശം വിതറി എല്‍.കെ.സി 'ധ്വനി കലോത്സവം 2026' സമാപിച്ചു; രേവതി അജീഷ് കലാതിലകം, ആദവ് ദാസ് കലാപ്രതിഭ

ലെസ്റ്റര്‍: ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ (LKC) നേതൃത്വത്തില്‍ അതീവ ഗംഭീരമായി സംഘടിപ്പിച്ച 'ധ്വനി കലോത്സവം 2026' ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ വിജയകരമായി സമാപിച്ചു. യുക്മ റീജിയണല്‍-നാഷണല്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ അരങ്ങേറിയത്. വിവിധ സ്റ്റേജുകളിലായി നടന്ന മത്സരങ്ങളില്‍ കൊച്ചു കലാകാരന്മാര്‍ തീപ്പൊരി പ്രകടനങ്ങളുമായി മാറ്റുരച്ചപ്പോള്‍ കലോത്സവ നഗരി ഉത്സവലഹരിയിലായി. മത്സരങ്ങളുടെ ആവേശത്തിനൊപ്പം രുചികരമായ ഭക്ഷണവും നിറഞ്ഞതോടെ പങ്കെടുത്തവര്‍ക്കെല്ലാം കലോത്സവം വേറിട്ടൊരു അനുഭവമായി മാറി. സമാപന സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും വ്യക്തിഗത ചാമ്പ്യന്മാരെയും അനുമോദിച്ചു.

കിഡ്‌സ് വിഭാഗത്തില്‍ ആദവ് ദാസ്, സബ് ജൂനിയര്‍ വിഭാഗത്തില്‍ രേവതി അജീഷ്, ജൂനിയര്‍ വിഭാഗത്തില്‍ ഗോഡ്വിന്‍ ജോര്‍ജ് സജായ്, സീനിയര്‍ വിഭാഗത്തില്‍ നീതു ഷാജന്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ വീണ കെ. വര്‍ഗീസ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

കലോത്സവത്തിലെ പ്രധാന പുരസ്‌കാരങ്ങളായ കലാതിലകം പദവി രേവതി അജീഷും കലാപ്രതിഭ പദവി ആദവ് ദാസും സ്വന്തമാക്കി. മലയാള ഭാഷാ കേസരി പുരസ്‌കാരത്തിന് സ്റ്റെഫി ഹര്‍ഷല്‍ അര്‍ഹയായി.

പരിപാടിയുടെ വന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എല്‍.കെ.സി ഭാരവാഹികള്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കുട്ടികളെ കൃത്യസമയത്ത് ഒരുക്കി, സ്റ്റേജിന് പിന്നിലും മുന്നിലും സജീവമായി നിന്ന മാതാപിതാക്കളുടെയും, കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കിയ അധ്യാപകരുടെയും കഠിനാധ്വാനമാണ് ഈ വിജയത്തിന്റെ അടിത്തറയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കലോത്സവത്തിന്റെ നട്ടെല്ലായി സാമ്പത്തിക ഭദ്രത നല്‍കി താങ്ങിയ മുഖ്യ പ്രായോജകരായ ലൈഫ്ലൈന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് (Lifeline Insurance and Mortgage Services), കലോത്സവനഗരിയില്‍ എത്തിയവര്‍ക്ക് വയറും മനസും നിറയുന്ന രുചികരമായ വിഭവങ്ങള്‍ ഒരുക്കിയ കിസ്മത്ത് (Kismath) ഫുഡ് ടീം, ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കിയ ഡ്രീംസ് ഇവന്റസ് എന്നിവര്‍ക്ക് എല്‍.കെ.സി ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു.

കൗണ്ടറുകളിലും സ്റ്റേജിലുമായി ശ്വാസം വിടാന്‍ പോലും സമയമില്ലാതെ ഓടിനടന്ന് പരിപാടി ഉഷാറാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അര്‍പ്പണബോധമാണ് ധ്വനി 2026-നെ ഇത്ര വലിയ വിജയത്തിലെത്തിച്ചത്. ചെറിയ ഓട്ടപ്പാച്ചിലുകള്‍ക്കിടയിലും ഒത്തൊരുമയോടെ കൂടെനിന്ന ലെസ്റ്ററിലെ മുഴുവന്‍ മലയാളി കുടുംബങ്ങള്‍ക്കും എല്‍.കെ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ശ്രീ വരുണ്‍ സത്യബാബുവും സെക്രട്ടറി ശ്രീ പ്രിന്‍സ് ഉലഹന്നാനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.