CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 9 Seconds Ago
Breaking Now

1962-ലെ അനുഭവം ഓര്‍മ്മിപ്പിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച് ചൈന; പക്ഷെ ഇക്കുറി ചൈനീസ് സൈന്യത്തിന്റെ നുണവിളമ്പല്‍ മെഷീന്‍ ഏറ്റില്ല; തിരിച്ചടി കിട്ടിയതോടെ അങ്കലാപ്പും!

1962-ലെ കഥ പറയുമ്പോള്‍ തിരിച്ചടിക്കാനുള്ള യുദ്ധവീരമാണ് ഇന്ത്യന്‍ പട്ടാളക്കാരില്‍ നിറയുന്നത്‌

'1962-ലെ അനുഭവം ഓര്‍മ്മയുണ്ടല്ലോ', ചൈനയ്‌ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിച്ചാല്‍ അപ്പോള്‍ അവിടുത്തെ പ്രൊപ്പഗാന്‍ഡ മെഷീന്‍, അഥവാ സൈക്കോളജിക്കല്‍ വാര്‍ഫെയര്‍ മെഷീന്‍ ഈ പ്രസ്താവനയുമായി രംഗത്തെത്തും, മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ നിറയ്ക്കും, ഇന്ത്യയിലെ മാധ്യമങ്ങള്‍ അതേറ്റ് പിടിക്കും. കഴിഞ്ഞ 58 വര്‍ഷക്കാലമായി ചൈന പയറ്റിയ ഈ പണിയിലൂടെയാണ് ഇന്ത്യന്‍ സൈന്യത്തെ ചൈന അനായാസം പ്രതിരോധത്തില്‍ ആക്കിപോന്നത്. യുദ്ധത്തില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ സേനയേക്കാള്‍ മെച്ചപ്പെട്ടവരാണെന്ന് ഇന്ത്യക്കാരെ ഓര്‍മ്മിപ്പിക്കാനും ചൈന ശ്രമിച്ച് പോന്നു. 

ഇക്കുറി ഗാല്‍വാനിലെ നിയന്ത്രണ രേഖയിലും, മലനിരകളാല്‍ ചുറ്റപ്പെട്ട പാംഗോംഗ് സോയുടെ തീരപ്രദേശങ്ങളിലും കടന്നുകയറാന്‍ ശ്രമിക്കുമ്പോള്‍ ഇതേ നിലപാടാണ് ചൈന മനസ്സില്‍ സൂക്ഷിച്ചത്. എന്നാല്‍ രണ്ടിടങ്ങളിലും ചൈനയുടെ ഹുങ്ക് തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ശക്തമായ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യം ഇതിനും മുന്‍പ് തന്നെ നിലയുറപ്പിച്ചതോടെയാണ് ചൈനയ്ക്ക് പണികിട്ടിയത്. ഒപ്പം ചുഷുല്‍ സെക്ടറിലെ സ്പാംഗര്‍ ഗ്യാപില്‍ മോള്‍ഡോയില്‍ പിഎല്‍എ കേന്ദ്രത്തിലേക്ക് കടന്നുകയറുന്ന അവസ്ഥയിലേക്ക് വരെ ഇന്ത്യന്‍ സൈന്യത്തിന്റെ ചങ്കൂറ്റം ഉയര്‍ന്നു. 

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളില്‍ അമ്പരന്ന് പോയതോടെയാണ് നാണക്കേട് മറയ്ക്കാന്‍ പാംഗാംഗ് സോയുടെ സൗത്ത് മേഖലയില്‍ ആന്റി-എയര്‍ക്രാഫ്റ്റ് തോക്കും, പ്രധാന യുദ്ധ ടാങ്കുകളും നിരത്തി ചൈന ഇന്ത്യക്കാരെ ഭയപ്പെടുത്താന്‍ നോക്കിയത്. പിഎല്‍എയുടെ പ്രൊപ്പഗാന്‍ഡ മെഷീന്‍ ഇന്ത്യക്കെതിരെ യുദ്ധം വേണമെന്ന് വിളംബരം ചെയ്യുമ്പോഴാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപേക്ഷിച്ച തന്ത്രങ്ങളുമായി ചൈന പാടുപെടുന്നത്. 

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ സംയുക്ത പിന്‍മാറ്റത്തിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഒഴിയുന്ന ഇടങ്ങളില്‍ കടന്നുകയറാന്‍ പിഎല്‍എ ശ്രമിക്കുമെന്ന സംശയം ഇന്ത്യക്കുണ്ട്. അതുകൊണ്ട് തന്നെ ഇരുപക്ഷത്ത് നിന്നുമുള്ള പിന്‍മാറ്റം ഏറെ സമയം കൊണ്ട് മാത്രമാണ് നടക്കുക. 1962-ലെ യുദ്ധ സമയത്ത് എത്തിയതിനേക്കാള്‍ കൂടുതല്‍ സൈന്യം ലഡാക്കില്‍ ഇന്ത്യക്കായി സേവനം നല്‍കുന്നുവെന്നത് ബീജിംഗില്‍ ഇരിക്കുന്ന ചൈനീസ് ഭരണാധിപനെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ 1962-ലെ കഥ പറയുമ്പോള്‍ തിരിച്ചടിക്കാനുള്ള യുദ്ധവീരമാണ് ഇന്ത്യന്‍ പട്ടാളക്കാരില്‍ നിറയുന്നതെന്ന് ചൈനയ്ക്ക് വേണ്ടി ഇന്ത്യന്‍ മണ്ണില്‍ നിന്ന് വാദിക്കുന്ന ചൈനീസ് പ്രേമികളെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണം!




കൂടുതല്‍വാര്‍ത്തകള്‍.