CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 8 Seconds Ago
Breaking Now

സമകാലിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി സമീക്ഷ യുകെ നാലാം വാര്‍ഷിക സമ്മേളനത്തിന് ഹത്രാസ് നഗറില്‍ ആവേശകരമായ സമാപനം

രണ്ടു സെഷനുകളിലായി ഓണ്‍ലൈന്‍ വേദിയായ ഹത്രാസ് നഗറില്‍ നടന്ന പ്രതിനിധിസമ്മേളനം ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ.പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ 4 നു പൊതുസമ്മേളനത്തോടെ ആരംഭിച്ച  സമീക്ഷ യുകെ യുടെ നാലാം വാര്‍ഷിക സമ്മേളനം പ്രൗഢഗംഭീരമായ പ്രതിനിധി സമ്മേളനത്തോടെ അവസാനിച്ചു.

ഞായറാഴ്ച ഉച്ചക്ക് 12:30 നു തുടങ്ങി രണ്ടു സെഷനുകളിലായി ഓണ്‍ലൈന്‍ വേദിയായ ഹത്രാസ് നഗറില്‍ നടന്ന  പ്രതിനിധിസമ്മേളനം  ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ.പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസെഷനില്‍ പങ്കെടുത്തവരെ സമീക്ഷ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ചെയ്തു.സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീണ്‍ അധ്യക്ഷത വഹിച്ച  ഉദ്ഘാടന സെഷനില്‍ AIC GB സെക്രട്ടറി സ. ഹര്‍സെവ് ബെയ്ന്‍സ് , IWA പ്രസിഡന്റ് സ. ദയാല്‍ ഭാഗ്രി , AIC GB എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാന്‍ , സ.ജാനേഷ് സിഎന്‍ , സമീക്ഷ യുകെ യുടെ സഹോദര സംഘടനയായ ചേതനയുടെ പ്രസിഡന്റ് സ.സുജു ജോസഫ് എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.

ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയില്‍ പ്രത്യേകിച്ചും സവര്‍ണ്ണ വംശവെറിയും നീതിനിഷേധവും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ഇരയായ ഹത്രാസിലെ പെണ്‍കുട്ടിയുടെ  സ്മരണകള്‍ വേദിയില്‍ നിലനിര്‍ത്തിയ പ്രതിനിധി സമ്മേളന സംഘാടകരുടെ തീരുമാനത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. സമീക്ഷ യുകെ വൈ.പ്രസിഡന്റ്  സ. പ്രസാദ് ഒഴാക്കല്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നടന്ന പ്രതിനിധി സെഷന്‍ ആരംഭിച്ചത്  ഇടതുപക്ഷ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായവരെ അഭിവാദ്യം ചെയ്തുകൊണ്ടും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയവരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു.  സ. അബ്ദുല്‍മജീദ് രക്തസാക്ഷി പ്രമേയവും സ.ബിജു ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള സമീക്ഷ ബ്രാഞ്ചുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 125ഓളം ഉശിരന്‍ സഖാക്കളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനം നിയന്ത്രിക്കുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി സ്റ്റീയറിങ് കമ്മിറ്റി , പ്രിസീഡിയം , മിനുട്‌സ് ,പ്രമേയം , ക്രെഡന്‍ഷ്യല്‍ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. സ.സ്വപ്ന  പ്രവീണ്‍ , സ.ജയന്‍ എടപ്പാള്‍ , സ.ബിനോജ് ജോണ്‍ എന്നിവരുടെ നേത്രത്വത്തിലുള്ള പ്രിസീഡിയം ആണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.  സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി  ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും  ട്രഷറര്‍ സ.ഇബ്രാഹിം വാക്കുളങ്ങര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

സമ്മേളനപ്രതിനിധികള്‍ ഈ റിപ്പോര്‍ട്ടുകള്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കി.  വിമര്‍ശിക്കേണ്ടവയെ കര്‍ശനമായി വിമര്‍ശിച്ചും അഭിനന്ദിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടി കൊടുത്തും നടന്ന ചര്‍ച്ചകള്‍ വളരെ ക്രിയാത്മകമായിരുന്നു. സമീക്ഷ യുകെ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക്  ഒട്ടേറെ  നിര്‍ദ്ദേശങ്ങളാണ്  പ്രതിനിധി സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. കാലിക പ്രസക്തിയുള്ള 12 പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഏതാണ്ട് 7 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷം സമ്മേളനപ്രതിനിധികളെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ അടങ്ങിയ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിക്കപ്പെട്ടു. സ.ബിജു ഗോപിനാഥ് , സ.രാജേഷ് നായര്‍ എന്നവര്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടര്‍ന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മറുപടി പറഞ്ഞു.

പത്തുമണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും വനിതകളടക്കം  നൂറോളം പേര്‍ സന്നിഹിതരായിരുന്നു. സമീക്ഷ യുകെയുടെ പ്രവര്‍ത്തനങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് സമീക്ഷ പ്രവര്‍ത്തകര്‍ കാണുന്നത് എന്നതിനുള്ള മികച്ച തെളിവാണ് ഇത്.

യുകെ യിലെ വിവിധ പ്രദേശങ്ങളിലില്‍ നിന്നും കേരളത്തില്‍ നിന്നും ഓണ്‍ലൈനായി നിരവധി ആള്‍ക്കാരെ  പങ്കെടുപ്പിച്ചു നടത്തിയ ഒരു സമ്മേളനം സാങ്കേതികമായ തടസ്സങ്ങളൊന്നും കൂടാതെ നടത്താനായത് വലിയ നേട്ടം ആണ്. ഇതിനു സാധ്യമായത് സമീക്ഷ യുകെ യുടെ IT വിദഗ്ദ്ധരായ സ.ആഷിക് മുഹമ്മദ് നാസറിന്റെയും  സ.ഫിദില്‍ മുത്തുക്കോയയുടെയും നീണ്ട നാളുകളായുള്ള ആസൂത്രണവും പരിശ്രമങ്ങളുമാണ്.

ആവേശകരമായ മുദ്രവാക്യം വിളികളോടെ രാത്രി ഏതാണ്ട് പത്തു മണിയോടെയാണ് പ്രതിനിധി സമ്മേളനം അവസാനിച്ചത്. വിദ്യാര്‍ത്ഥിയായ സ.അര്‍ജ്ജുന്‍ വിളിച്ചുകൊടുത്ത മുദ്രവാക്യങ്ങള്‍ സമ്മേളനപ്രതിനിധികള്‍ ആവേശത്തോടെ ഏറ്റുവിളിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ.ബിനോജ് ജോണ്‍ നന്ദി പറഞ്ഞു.

സമ്മേളനം വന്‍ വിജയമാക്കിത്തീര്‍ത്ത മുഴുവന്‍ സമീക്ഷ പ്രവര്‍ത്തകരെയും പ്രവാസി സുഹൃത്തുക്കളെയും സമീക്ഷ യുകെ കേന്ദ്രക്കമ്മിറ്റി അഭിവാദ്യം ചെയ്തു

വാര്‍ത്ത : ബിജു ഗോപിനാഥ്

 
കൂടുതല്‍വാര്‍ത്തകള്‍.