CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 24 Seconds Ago
Breaking Now

സ്വർഗീയ യാത്രയിൽ കെവിന് സൌത്തെണ്ടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

യുക്കെ മലയാളികളെ മുഴുവൻ ദുഖത്തിലാക്കി നമ്മളെയൊക്കെ വേർപെട്ടു പോയ സൗത്തെന്റിൽ താമസിക്കുന്ന റിജേഷ് ജിഷ ദമ്പതികളുടെ പൊന്നോമനയായ കെവിൻ റിജേഷിനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ നൂറു കണക്കിന് പേരാണ് സൗത്തെന്റ്റ് ഓണ്‍ സീയിലെ സെന്റ്‌ ഹെലെൻസ്‌ ചർച്ചിൽ ഇന്നലെ ഒത്തു ചേർന്നത്.

സൗത്തെന്റിനും സമീപ പ്രദേശങ്ങളായ ബസിൽടോണ്‍, ചെംസ് ഫോർഡ് കോൾചെസ്റ്റെർ   എന്നിവിടങ്ങളിലുള്ള മലയാളി സമൂഹവും ലോക്കൽ കമ്മ്യൂണിറ്റിയിലുള്ളവരും ഉൾപ്പടെ ഒരു വലിയ ജനാവലി തന്നെ ഉച്ചക്ക് ഒരു മണിയോട് കൂടി പള്ളിയിൽ എത്തി ചേർന്നിരുന്നു. ആ കുടുംബത്തിന്റെ  മാഞ്ചസ്റ്ററിൽ ഉള്ള      ബന്ധുക്കളും ലണ്ടനിൽ ഉള്ള ബന്ധുക്കളുമൊക്കെ നേരത്തെ തന്നെ എത്തി ചേർന്നിരുന്നു.കെവിന് അന്ത്യാഞ്ജലി അർപ്പിച്ചു  കൊണ്ട് സ്കൂൾ പ്രതിനിധികളും, ഹെവൻസ് ഹോസ്സ്പിസിലെ പ്രതിനിധികളും അംഗങ്ങളും അതോടൊപ്പം സെന്റ്‌ ഹെലെൻസ്‌ ചർച്ചിലെ വിശ്വാസ സമൂഹവും പ്രാർത്ഥനയോടു കൂടി കുർബാനയിൽ പങ്കു ചേർന്നു. സെന്റ്‌ ഹെലെൻസ്‌ പാരിഷ് പ്രീസ്റ്റ് ഫാദർ ജോസഫ്‌ വിസ്റ്റൊക് ഒപ്പം ഫാദർ ഇന്നസെന്റ്പുത്തെൻ തുറയിലും ചേർന്നായിരുന്നു ദിവ്യബലി അർപ്പിച്ചത്.

ഉച്ചക്ക് പന്ത്രണ്ടു മണിയോട് കൂടി കെവിന്റെ ബോഡി ഫ്യൂനറൽ സർവീസ് കെവിന്റെ വീട്ടിൽ കൊണ്ടു വന്നിരുന്നു. തദവസരത്തിൽ കെവിന്റെ മാതാ പിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ കാണാൻ അവസരമുണ്ടായിരുന്നുള്ളൂ.  തുടർന്ന് ഒരു മണിയോട് കൂടി പള്ളിയിൽ കൊണ്ട് വരുമ്പോഴേക്കും പ്രതികൂല കാലാവസ്ഥയിലും സൗത്തെന്റുക്കാരുടെ സ്വന്തം കെവിൻ കുഞ്ഞിനെ കാണാൻ ഒരു ദേശം മുഴുവൻ പള്ളിയിൽ ഒരുങ്ങി നിന്നിരുന്നു .ഒരു സമൂഹം, ഒരു കൂട്ടായ്മ എങ്ങനെ ആയിരിക്കണം എന്നതിന്റെ  ഉത്തമ ഉദാഹരണമായിരുന്നു  ഇന്നലെ സൗത്തെന്റിൽ ദർശിക്കുവാൻ കഴിഞ്ഞത്. കുതിര വണ്ടിയിൽ കൊണ്ട് വന്ന കെവിൻ കുഞ്ഞിനെ, പിതാവ് റിജേഷും കെവിന്റെ  അങ്കിൾമാരായ  ജിജോ ജെയിംസും ജിൻസ് ജെയിംസും ഒപ്പം അടുത്ത സുഹൃത്തും അയൽവാസിയുമായ ലിജോയും ചേർന്നു പള്ളിക്കകത്തേക്ക് കൊണ്ട് വന്നു .തുടർന്ന് പള്ളിയിൽ കെവിനേ അവസാനമായി ഒരു നോക്ക് കാണാനെത്തിയ സമൂഹം ആദരസൂചകമായി എഴുന്നേറ്റു നിന്ന് കെവിനേ പള്ളിയിലേക്ക് സ്വീകരിച്ചു .ഭക്തി നിർഭരമായ കുർബാന വേളയിൽ, കെവിൻ തനിക്ക് വളരെ പ്രിയപ്പെട്ട കുഞ്ഞായിരുന്നു എന്നും കെവിനിപ്പോൾ സ്വർഗത്തിൽ ദൈവത്തോടൊപ്പം ആണെന്നോർത്തു നമുക്ക് സമാധാനിക്കാം എന്നും ഫാദർ ജോസഫ്‌ പറഞ്ഞു .

കുർബാന മദ്ധ്യേ കാഴ്ച വെപ്പിനായി  ഉപയോഗിച്ചത് കെവിന്റെ  കൈയൊപ്പുകൾ പതിഞ്ഞ, ലൂർദു വിസിറ്റ് ചെയ്ത വേളയിൽ വച്ചിരുന്ന ക്യാപ്പും, ഹോളി കമ്മ്യൂണിയൻ പ്രിപ്പറേഷൻ ബുക്കും , ട്യ്യും, ഒപ്പം ബാപ്റ്റിസം കാൻഡിൽ തുടങ്ങിയവ ആയിരുന്നു . ഈ കാഴ്ചകളൊക്കെ വളരെ വികാര നിർഭരമായ നിമിഷങ്ങൾ ആയിരുന്നു കെവിനെ  അടുത്തറിയുന്ന ഓരോരുത്തരിലും ഉണ്ടാക്കിയത് .

സെന്റ്‌ ഹെലെൻസ്‌ പള്ളിയിൽ നിന്നുള്ള ഫ്രാൻസിലെ ലൂർടെസ് [LOURDES ] സന്ദർശന വേളയിൽ കെവിൻ കുഞ്ഞു എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറുകയായിരുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു  അന്ന് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന കെവിനെ പരിപാലിച്ചിരുന്ന നേഴ്സ് 200 മൈലുകൾ താണ്ടി കെവിന് ആദരാജ്ഞലികൾ അർപ്പിക്കുവാനായി സൗത്തെന്റിൽ ഓടി എത്തിയത്. മൂന്നര വയസ്സ് മുതൽ കെവിനെ നോക്കിയിരുന്ന ഹെവൻസ് ഹോസ്പിസ്സിന്റെ പ്രതിനിധിയും കെവിനെ കുറിച്ച് പറഞ്ഞപ്പോൾ വാചാലയായി. സംഗീതം ഇഷ്ടപ്പെടുന്ന, സുന്ദരനായ ,മനോഹരമായി പുഞ്ചിരിക്കുന്ന ,അങ്ങനെ ഒരു പാട് വിശേഷണങ്ങൾക്ക് അർഹനായ കെവിൻ അവരുടെയൊക്കെ ഉള്ളിൽ നിറ ദീപമായി എന്നും തെളിഞ്ഞു നിൽക്കും എന്നു തീർച്ച. കെവിന്റെ കെയെർ ടീമിനും പറയാനുണ്ടായിരുന്നു ഒരു പാട് ഓർമ്മകൾ. ഏതൊരു സാധാരണ കുട്ടിയേയും പോലെ അവരൊക്കെ കെവിനെ ഒരു പാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 5 വർഷക്കാലം കെവിൻ അവരുടെയൊക്കെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരുന്നു എന്നു അവരുടെ ഓരോ വരികളിൽ നിന്നും നിഷ് പ്രയാസം വായിച്ചെടുക്കാമായിരുന്നു. സൗത്തെന്റു മലയാളി സമൂഹത്തിനു വേണ്ടി  ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ച ശ്രീ ടോമി തോമസ്‌ കുറച്ചു നാളുകൾ കെവിനെ ശുശ്രൂഷിക്കുവാൻ പറ്റിയത് തനിക്കു കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നുവെന്നും അവന്റെ അടുത്തിരിക്കുമ്പോൾ താൻ പാടി കൊടുത്തിരുന്ന പാട്ട്  കെവിന് വേണ്ടി വീണ്ടും പാടുകയും ചെയ്തു. ഏറ്റവും ഒടുവിലായി ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ച കെവിന്റെ അങ്കിൾ ജിൻസ് ജെയിംസ് കെവിന്റെ വേർപാട് ഞങ്ങളുടെ കുടുംബത്തിൽ വളരെ വലിയ ഒരു ശൂന്യത നിറച്ചിരിക്കുകയാണെന്നും, ഈ അവസരത്തിൽ നാട്ടിലുള്ള എല്ലാ ബന്ധുക്കളെയും റിജേഷിനെയും ജിഷയെയും കുഞ്ഞുങ്ങളായ അഞ്ജലിയും അർച്ചനയെയും പ്രാർത്ഥനയോടു കൂടി സ്മരിക്കുകയാണെന്നും പറഞ്ഞു . തന്റെ സഹോദരിയും റിജേഷും കെവിനെ ഈ ഏഴു വർഷക്കാലം ഹൃദയത്തോടെ ചേർത്തു പിടിച്ചാണ് നോക്കിയിരുന്നതെന്ന് പറഞ്ഞ ജിൻസ് , ലൂർധിൽ പോയി മടങ്ങി വന്ന കുടുംബാംഗളോടൊപ്പം അവസാനമായി ഇതേ പള്ളിയിൽ കെവിനോടൊപ്പം കുർബാന കൂടിയപ്പോളാണ് താൻ അവസാനമായി കെവിൻ മോനെ കണ്ടത് എന്നു പറയുമ്പോൾ ജിൻസിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. കെവിനെ ശുശ്രൂക്ഷിച്ച, പ്രത്യേകിച്ച് ഹോസ്പിറ്റൽ സ്റ്റാഫ് , കെയെർ ടീം അംഗങ്ങൾ, ഹെവെണ്‍ ഹോസ്പീസ് ടീം മറ്റെല്ലാവരെയും അതോടൊപ്പം രണ്ടാഴ്ചക്കാലമായി കെവിന്റെ വേർപാടിനു ശേഷം ആ കുടുംബത്തിനു താങ്ങും തണലുമായി നിന്ന സൗത്തെന്റിലെ മുഴുവൻ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം  നന്ദി പറയാനുള്ള കടമയും ജിൻസ് ഭംഗിയായി നിർവഹിച്ചു. കുർബാന സ്വീകരണത്തിനുശേഷം പള്ളിയിൽ കൂടിയിരുന്നവർക്കു അവസാനമായി കെവിനെ ഒരു നോക്ക് കാണാനും അന്ത്യോപചാരം അർപ്പിക്കുവാനും സമയം ഒരുക്കി കൊടുത്തിരുന്നു.

മൂന്ന് മണിയോട് കൂടി സട്ടൻ സെമിത്തേരിയിലേക്ക് മനോഹരമായി പൂക്കളാൽ അലങ്കരിക്കപ്പെട്ട കുതിര വണ്ടിയിൽ കെവിന്റെ അന്ത്യ യാത്രക്ക് തുടക്കമായി . കെവിന്റെ മനോഹരമായ ഫോട്ടോ പതിച്ച  നിരവധി വാഹനങ്ങളിൽ ഒരു സമൂഹം മുഴുവൻ ആ കുഞ്ഞു മാലാഖയ്ക്ക് യാത്രാ മൊഴികളൂമായി ഹൃദയ ഭാരത്തോടെ നിശബ്ദമായി അനുഗമിച്ചു.

കെവിൻ ഒരു  കുടുംബത്തിന്റെ നഷ്ടമല്ല. പകരം ഒരു സമൂഹത്തിന്റെ  മുഴുവൻ നഷ്ടമാണ്. പക്ഷെ ആ നഷ്ടത്തിൽ നിന്നും ഇന്ന് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം പ്രാര്‍ത്ഥിക്കുവാൻ ഒരു കുഞ്ഞു വിശുദ്ധൻ സ്വർഗത്തിൽ ഉണ്ടാകും എന്ന പ്രത്യാശ ഞങ്ങൾക്ക് ലഭിക്കുന്നു .ദൈവ മഹത്വം ഉയർത്തിക്കാട്ടാനുള്ള അടയാളമായി കെവിന്റെ ഓർമ്മകൾ എന്നും ഞങ്ങളുടെ ഉള്ളിൽ മരിക്കാതെ കുടികൊള്ളും !
കൂടുതല്‍വാര്‍ത്തകള്‍.