ബ്രിട്ടനിലെ കൊറോണാവൈറസ് വളര്‍ച്ചാനിരക്കിന്റെ വേഗത കുറഞ്ഞതായി സ്ഥിരീകരിച്ച് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മേധാവി. 168 കൊവിഡ് മരണങ്ങളും, 24962 പുതിയ കേസുകളുമാണ് രാജ്യത്ത് ഒടുവിലായി രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച 156 മരണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്ന് 7.7 ശതമാനം മാത്രമാണ് മരണനിരക്ക് ഉയര്‍ന്നത്. ഇതോടെ മഹാമാരി കെട്ടടങ്ങുന്നുവെന്ന പ്രതീക്ഷകളാണ് ശക്തിയാര്‍ജ്ജിക്കുന്നത്.
ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിലേത്. ദിവസേനയുള്ള കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മുന്‍ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ വേഗത കുറഞ്ഞതായാണ് ഒഎന്‍എസ് വ്യക്തമാക്കുന്നത്. വീക്കെന്‍ഡില്‍ റിപ്പോര്‍ട്ടിംഗ് കുറയുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കണക്കുകളില്‍ കുറവ് രേഖപ്പെടുത്താറുണ്ട്. ഇന്‍ഫെക്ഷന്‍ നിരക്ക് കുറയുന്നതായാണ് ഒഎന്‍എസ് മേധാവി പ്രൊഫ ഇയാന്‍ ഡയമണ്ട് പ്രതികരിക്കുന്നത്.
രോഗം വളരുന്നതിന്റെ വേഗത കുറഞ്ഞത് രാജ്യത്ത് നടപ്പാക്കിയിട്ടുള്ള കര്‍ശന വിലക്കുകളില്‍ നിന്ന് മോചനം നേടുന്നതിനുള്ള വഴിതുറക്കുമെന്നാണ് ഡയമണ്ട് ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടനില്‍ രണ്ടാം ഘട്ട വ്യാപനത്തിന് വഴിയൊരുക്കിയത് കൗമാരക്കാരും, യുവാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിരക്ക് വര്‍ദ്ധനവിലെ കുറവ് ശുഭവാര്‍ത്തയാണെന്ന് ഇയാന്‍ ഡയമണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ 85 പേരില്‍ ഒരാള്‍ക്ക് വീതം വൈറസുണ്ടെന്നാണ് കരുതുന്നത്. വെയില്‍സില്‍ ഇത് നൂറ് പേരില്‍ ഒരാള്‍ക്കും, സ്‌കോട്ട്‌ലണ്ടില്‍ 135 പേരില്‍ ഒരാള്‍ക്കും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 105 പേരില്‍ ഒരാള്‍ക്കുമാണ് രോഗം, അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെ രണ്ടാം ലോക്ക്ഡൗണിന് ശേഷവും സാമൂഹിക അകലം പോലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ക്രിസ്മസ് കൈവിട്ട് പോകുമെന്നാണ് സേജ് ഗ്രൂപ്പ് ഇപ്പോഴും പറയുന്നത്. കൊവിഡ് വാക്‌സിന്‍ വരുമെന്ന പ്രതീക്ഷയില്‍ നിയമം ലംഘിക്കാനുള്ള പ്രേരണ ഉണ്ടാകരുതെന്നാണ് ശാസ്ത്രജ്ഞരുടെ നിലപാട്.