CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 14 Seconds Ago
Breaking Now

പുതിയ കൊവിഡ് സൂപ്പര്‍ സ്‌ട്രെയിന്‍ യുകെയില്‍? കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞ് നടപടി; ബ്രസീല്‍, സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി യുകെ; ബ്രസീലില്‍ നിന്നുള്ള പുതിയ കൊവിഡ് സ്‌ട്രെയിന്‍ ആശങ്കയുളവാക്കുന്നുവെന്ന് സമ്മതിച്ച് ബോറിസ്?

യുകെയെ സാധാരണ നിലയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രധാന തിരിച്ചടിയാണ് ബ്രസീലിയന്‍ വേരിയന്റ് സൃഷ്ടിക്കുന്നത്

പുതിയ തരത്തിലുള്ള കൊവിഡ് വൈറസ് സ്‌ട്രെയിന്‍ പടരുന്നത് തടയാന്‍ ബ്രസീലില്‍ നിന്നുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍. ബ്രസീലില്‍ കണ്ടെത്തിയ രൂപമാറ്റം വന്ന പുതിയ വേരിയന്റ് ആശങ്ക വളര്‍ത്തുന്നതായി ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചു. സര്‍ക്കാര്‍ ചുരുങ്ങിയത് നാല് ദിവസങ്ങള്‍ മുന്‍പ് തന്നെ ഈ വേരിയന്റ് രാജ്യത്ത് പ്രവേശിച്ചതായും, ഇവയ്‌ക്കെതിരെ വാക്‌സിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാകില്ലെന്ന് ആശങ്ക ഉയരുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം കെന്റിലും, സൗത്ത് ആഫ്രിക്കയിലും കണ്ടെത്തിയ രൂപമാറ്റം വന്ന അതിവേഗ വ്യാപന സാധ്യതയുള്ള വേരിയന്റിന് സമാനമാണ് ബ്രസീലിലും രൂപമെടുത്തിട്ടുള്ളതെന്ന് വിദഗ്ധര്‍ ഭയക്കുന്നു. ബ്രസീല്‍ വേരിയന്റിനെ നേരിടാന്‍ സൗത്ത് അമേരിക്കയില്‍ നിന്നുള്ള സകല വിമാനങ്ങള്‍ക്കും, സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്താനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ പുതിയ വേരിയന്റ് കണ്ടെത്തിയപ്പോള്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് സമാനമാണിത്. 

യുകെയെ സാധാരണ നിലയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രധാന തിരിച്ചടിയാണ് ബ്രസീലിയന്‍ വേരിയന്റ് സൃഷ്ടിക്കുന്നത്. ഈ വേരിയന്റ് ബ്രിട്ടനില്‍ എവിടെയാണ് എത്തിയിട്ടുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. രൂപമാറ്റം വന്ന വേരിയന്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ വൈകിയെന്ന ആരോപണം നേരിടുകയാണ് സര്‍ക്കാര്‍. അതിര്‍ത്തികള്‍ അതിവേഗം സുരക്ഷിതമാക്കാന്‍ പ്രധാനമന്ത്രി നടപടി കൈക്കൊണ്ടില്ലെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. 

മഹാമാരി തുടങ്ങി 10 മാസം കഴിഞ്ഞപ്പോഴാണ് നെഗറ്റീവ് ടെസ്റ്റ് ഫലമുണ്ടെങ്കില്‍ മാത്രം യുകെയില്‍ പ്രവേശനം നല്‍കാമെന്ന വ്യവസ്ഥ സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റ് പല രാജ്യങ്ങളിലും ഇതാണ് മാസങ്ങളായുള്ള നിയമം. ഇതിനെയും എംപിമാര്‍ ചോദ്യം ചെയ്തു. അതേസമയം ബ്രസീല്‍ വേരിയന്റ് ആശങ്കപ്പെടുത്തുന്നതാണെന്നും, വിദേശത്ത് നിന്ന് എത്തുന്നത് തടയാന്‍ നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.