CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 22 Seconds Ago
Breaking Now

കള്ളം പറഞ്ഞത് ചോദ്യംചെയ്തപ്പോള്‍ കള്ളപ്പരാതി നല്‍കി'; സജിത മഠത്തിലിനെതിരെ ഫോട്ടോഗ്രാഫര്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫോട്ടോ പ്രദര്‍ശന ഉദ്ഘാടന വേദിയില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്തതിന്റെ പേരില്‍ നടിയും ചലച്ചിത്ര അക്കാദമി ഗവേണിങ് കൗണ്‍സില്‍ അംഗവുമായ സജിത മഠത്തില്‍ കള്ളപ്പരാതി നല്‍കിയെന്ന് ഫോട്ടോഗ്രാഫര്‍ എ ജെ ജോജി!. ഫോട്ടോ എക്‌സിബിഷന് വേണ്ടി ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്ന് 300 ചിത്രങ്ങള്‍ ബീന പോളും താനും മറ്റൊരാളും ചേര്‍ന്നാണ് തരംതിരിച്ചതെന്ന് ജോജി പറയുന്നു. എന്നാല്‍ സജിത മഠത്തില്‍ ഉദ്ഘാടന വേദിയില്‍ പറഞ്ഞത് അവരും ബീന പോളും ചേര്‍ന്നാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതെന്നാണ്. ഇക്കാര്യം ചോദ്യംചെയ്തപ്പോള്‍ സ്ത്രീയെ അപമാനിച്ചെന്നും തുറിച്ചുനോക്കിയെന്നും കള്ളപ്പരാതി നല്‍കിയെന്നാണ് ജോജിയുടെ ആരോപണം.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇരുപത്തഞ്ചാമത് ഐഎഫ്എഫ്‌കെയുടെ ഫോട്ടോ എഡിറ്റര്‍ ആയി ചലച്ചിത്ര അക്കാദമിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് 2020 നവംബര്‍ ഇരുപതിനാണ്. എന്നെ ഏല്പിച്ച ഭാരപ്പെട്ട ജോലികള്‍ ഭംഗിയായും സമയബന്ധിതമായും തീര്‍ത്തു കൊടുത്തു. ഒരു ലക്ഷത്തോളം ചിത്രങ്ങളില്‍ നിന്നും ഐഎഫ്എഫ്‌കെ സ്റ്റോറീസ് വെബ്‌സൈറ്റിന് വേണ്ടി ആറായിരത്തോളം ചിത്രങ്ങള്‍ തരംതിരിച്ചു. അതില്‍ നിന്നും 300 ചിത്രങ്ങള്‍ ഫോട്ടോ എക്‌സിബിഷന് വേണ്ടി ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയ ബീന പോളും അസിസ്റ്റന്റായ നിധിനും ഞാനും കൂടി ഫെബ്രുവരി ഏഴിന് തിരഞ്ഞെടുത്തു. ഫെബ്രുവരി എട്ടിനാണ് ശ്രീമതി സജിത മഠത്തില്‍ ഓഫീസില്‍ എത്തുന്നത്. ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനം ഫെബ്രുവരി പന്ത്രണ്ടിന് ടാഗോര്‍ ഫെസ്റ്റിവല്‍ നഗറില്‍ നടന്നു. പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ സ്വാഗത പ്രാസംഗികയായ സജിത മഠത്തില്‍ ആയിര കണക്കിന് ചിത്രങ്ങളില്‍ നിന്നും ശ്രീമതി സജിത മഠത്തിലും ബീനാ പോളും കൂടിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് അവകാശപ്പെട്ടു.

ഫെസ്റ്റിവല്‍ ഓഫീസില്‍ ചെയര്‍മാന്‍ ശ്രീ കമല്‍ സാറിന്റെയും ജി സി മെമ്പര്‍ ശ്രീ സിബി മലയില്‍ സാറിന്റെയും സാന്നിധ്യത്തില്‍ ശ്രീമതി സജിത മഠത്തിലിനോട് അവര്‍ ഉല്‍ഘാടന വേളയില്‍ പറഞ്ഞ അസത്യത്തെ കുറിച്ച് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവര്‍ ബഹളം വെയ്ക്കുകയും സ്ത്രീയെ അപമാനിച്ചു എന്ന തരത്തില്‍ വിഷയം മാറ്റുകയുമാണുണ്ടായത്.

ഔദ്യോഗികമായി എറണാകുളത്തേക്ക് എനിക്ക് ക്ഷണം ഉണ്ടായിരുന്നില്ല. ഞാനും കൂടി പങ്കാളിയായിട്ടുള്ള ഫോട്ടോ എക്‌സിബിഷന്റെയും ഐഎഫ്എഫ്‌കെ ഫോട്ടോ സ്റ്റോറീസ് വെബ്‌സൈറ്റിന്റെ ഉല്‍ഘാടനത്തില്‍ പങ്കെടുക്കുന്നത് സന്തോഷകരമായ കാര്യം ആയതുകൊണ്ട് സ്വന്തം ചിലവില്‍ എറണാകുളത്തെത്തി.

എറണാകുളത്ത് നടന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന വേളയില്‍ തിരുവനന്തപുരത്ത് പറഞ്ഞ അസത്യങ്ങള്‍ ശ്രീമതി സജിത മഠത്തില്‍ തിരുത്തുകയും ആ ജാള്യത മറക്കാന്‍ വേണ്ടി എനിക്കെതിരെ സെക്രട്ടറിക്ക് പരാതി നല്‍കുകയും ഉണ്ടായി. പരാതിയില്‍ പറഞ്ഞിട്ടുള്ളത് 'ജി സി മെമ്പറെ ആക്ഷേപിച്ചയാല്‍ ഫെസ്റ്റിവല്‍ സ്ഥലത്തു വരാന്‍ പാടില്ല എന്നും എറണാകുളത്തെ ഉല്‍ഘാടന സമയത്ത് അവരെ തുറിച്ചു നോക്കി എന്നുമാണ്'. 25ആം ഐഎഫ്എഫ്‌കെ വോളന്റിയര്‍ ആയ 18 വയസ്സുള്ള മകനുമായാണ് ഉല്‍ഘാടനത്തില്‍ പങ്കെടുത്തത്. വീണ്ടും ഒരു കള്ളക്കേസ് വന്നാലോ എന്ന ഭയം കൊണ്ടാണ് വളരെ ദൂരത്തു മാറിയാണ് നിന്നത്.

ഈ പരാതി അസത്യമാണെന്ന് അറിയാമായിരുന്നിട്ടും 30 വര്‍ഷത്തിനുമേല്‍ പരിചയമുള്ള ശ്രീമതി സജിത മഠത്തിലിന്റെ ആരോഗ്യാവസ്ഥയെയും മാനസികാവസ്ഥയെയും പരിഗണിച്ചും ചെയര്‍മാന്റെയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുടെയും സെക്രട്ടറിയുടെയും അഭ്യര്‍ഥനയെ മാനിച്ചും കൂടുതല്‍ വഴക്കുകളിലും പ്രശ്‌നങ്ങളിലും ചെന്ന് ചേരാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടും പരിഹരിക്കാന്‍ പറ്റാത്തത്ര പ്രശ്‌നങ്ങള്‍ വേറെ ഉള്ളതുകൊണ്ടും സമയം ഇല്ലാത്തതുകൊണ്ടും സെക്രട്ടറിയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും പറഞ്ഞ പോലെ ക്ഷമാപണം എഴുതി നല്‍കി. ആ പ്രശ്‌നം അവിടെ അവസാനിച്ചു എന്ന് കരുതി. ഒരാഴ്ചയായിട്ടും ഒരറിയിപ്പും അക്കാഡമിയില്‍ നിന്നും വന്നില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അപമാനം എന്നെ വല്ലാതെ മാനസികമായി തളര്‍ത്തി. അവസാനം എന്റെ നാട്ടുകാരനായ ശ്രീ പി സി വിഷ്ണുനാഥിന്റെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എഴുതിയ പരാതി ശ്രീ വിഷ്ണുനാഥിന് കൊടുത്തില്ല. കാരണം നന്നായി നടക്കുന്ന ഒരു ഫെസ്റ്റിവല്‍ മോശമാക്കാന്‍ ഒരു അവസരം ഉണ്ടാക്കേണ്ടെന്നു കരുതി. ചെയര്‍മാനോട് ശ്രീ വിഷ്ണുനാഥ് സംസാരിച്ചു. അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ മറുപടി വന്നു. സ്ത്രീ സംരക്ഷണ നിമയത്തെ ദുരുപയോഗപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയപ്പോള്‍ തലശ്ശേരിയ്ക്കും പാലക്കാട്ടേക്കും പോകാന്‍ പേടിയായി. പോയില്ല. തൊഴില്‍ പരമായി എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ്. കൊറോണ കാലത്തു നടക്കുന്ന ടൂറിംഗ് ഫെസ്റ്റിവലിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള അവസരവും ഒരുപാടു മനുഷ്യരുടെ പോര്‍ട്രൈറ്‌സ് പകര്‍ത്താനുള്ള അവസരവും നഷ്ടപ്പെട്ടു.

ഒഡേസ പ്രസ്ഥാനത്തിലൂടെ ഫോട്ടോഗ്രഫിയിലേക്കു വന്ന ഞാന്‍ 1988ല്‍ തിരുവനന്തപുരത്തു നടന്ന ആദ്യ ഇഫി മുതല്‍ തുടര്‍ച്ചയായി ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നു. 1998 മുതല്‍ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറാണ്. അല്ലാതെയും ഈ ചരിത്ര നിമിഷങ്ങള്‍ പകര്‍ത്തി വരുന്നു. ഇന്ത്യാവിഷന്‍ മുതല്‍ സോണി എന്റര്‍ടൈന്‍മെന്റ് വരെയുള്ള വിവിധ ചാനലുകളില്‍ ക്യാമറമാനായും ചീഫ് ക്യാമറാമാനായും പ്രവര്‍ത്തിച്ചിരുന്നു. ടി വി ചന്ദ്രന്‍, എം പി സുകുമാരന്‍ നായര്‍, വേണു, രാജീവ് വിജയരാഘവന്‍ മുതല്‍ രാജീവ് രവി, മഹേഷ് നാരായണന്‍ വരെയുള്ള വിവിധ തലമുറകളിലെ ചലച്ചിത്രകാരന്മാരുടെ സിനിമകളിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.

ഇത്രയധികം പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചലച്ചിത്ര അക്കാഡമി ഫോട്ടോഎഡിറ്റര്‍ തസ്തിക എനിക്ക് നല്‍കിയത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഐഎഫ്എഫ്‌കെകളിലും എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സാബു പ്രവദ അടക്കം പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പിന്‍വാതിലിലൂടെ പദവികളില്‍ എത്തിപ്പെടുന്ന ഇത്തരം ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന പീഡനം സഹിക്കാവുന്നതിനും അപ്പുറമാണ്.

ഇരുപത്തിഅഞ്ചാമതു ഐഎഫ്എഫ്‌കെയില്‍ എനിക്കുണ്ടായ സങ്കടങ്ങള്‍ ബഹുമാനപ്പെട്ട മന്ത്രിയെ അറിയിച്ചതാണ്. ഇനി ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുതെന്നു ആശിക്കുന്നു. തുടര്‍ന്നും ചലച്ചിത്ര അക്കാഡമിയോട് സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

 




കൂടുതല്‍വാര്‍ത്തകള്‍.