അമേരിക്ക പോലൊരു രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ അട്ടിമറിക്കുന്നത് സാധ്യമാണോ? സ്വപ്‌നം പോലും കാണേണ്ടെന്ന് മറുപടി പറയാന്‍ വരട്ടെ. കാരണം ഈ സ്വപ്‌നം കാണുന്നത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്!
ആഗസ്റ്റോടെ താന്‍ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്തുമെന്നാണ് ട്രംപ് ആളുകളോട് പറഞ്ഞ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്കിള്‍ ഫ്‌ളിന്‍ മ്യാന്‍മാര്‍ സ്റ്റൈല്‍ അട്ടിമറി നടക്കണമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ട്രംപിനെ തിരിച്ചെത്തിക്കാന്‍ മ്യാന്‍മാര്‍ സ്റ്റൈല്‍ അട്ടിമറിക്ക് ഇദ്ദേഹത്തിന്റെ അണികള്‍ പിന്തുണ പ്രഖ്യാപിച്ചതായി സിഎന്‍എന്‍ വാര്‍ത്ത വ്യക്തമാക്കി. ട്രംപ് പലരോടും താന്‍ തിരിച്ചുവരുമെന്ന് പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ക്ക് തെളിവ് കണ്ടെത്താനായി ഇലക്ഷന്‍ ഓഡിറ്റിലാണ് ട്രംപ് ഇപ്പോഴും ശ്രദ്ധിച്ച് വരുന്നതെന്ന് മാഗി ഹാബെര്‍മാന്‍ പറഞ്ഞു. ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിയതോടെ ട്രംപിന് പ്രസിഡന്റിന്റേതായ നിയമപരമായ സുരക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു.
ഇതിന് ശേഷവും പ്രസിഡന്റ് ജോ ബൈഡന് എതിരെ 2020 തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റിട്ടില്ലെന്ന നിലപാടിലാണ് ട്രംപ്. ട്രംപിന്റെ പല അണികളും ഈ വാദങ്ങള്‍ വിശ്വസിച്ച് ഇദ്ദേഹം തിരിച്ചെത്തുമെന്ന ഉറപ്പിലാണ്. ഈ മാസം ട്രംപ് ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ഒഹിയോ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ റാലികള്‍ നടത്തുന്നുണ്ട്. ഇതില്‍ പരസ്യ പ്രസ്താവനകളുമായി മുന്നോട്ട് പോകാന്‍ ട്രംപ് തീരുമാനിച്ചാല്‍ കാര്യങ്ങള്‍ കുഴയും.