തട്ടിക്കൊണ്ടുപോകലിന് ഇരയായി, ലൈംഗികാതിക്രമത്തില്‍ കൊല്ലപ്പെട്ട 33-കാരി സാറാ എവറാര്‍ഡിന്റെ കൊലയ്ക്ക് ഉത്തരവാദി താന്‍ തന്നെയെന്ന് കുറ്റസമ്മതം നടത്തി മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍ വെയിന്‍ കൗസെന്‍സ്. സാറയുടെ കുടുംബത്തിന് മുന്നില്‍ വെച്ചാണ് 48-കാരന്‍ താന്‍ ചെയ്ത ക്രൂരതകള്‍ സമ്മതിച്ചത്. തട്ടിക്കൊണ്ടുപോയതിനും, പീഡനത്തിന് ഇരയാക്കിയതിനും പുറമെ മരണത്തിനും താനാണ് ഉത്തരവാദിയെന്ന് ഇയാള്‍ വ്യക്തമാക്കി.
ഓള്‍ഡ് ബെയ്‌ലി കോടതിയിലാണ് സേവനത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റങ്ങള്‍ വിവരിച്ചത്. 33-കാരിയുടെ പിതാവും, സഹോദരിയും ഈ സമയത്ത് കോടതിയില്‍ ഹാജരായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ കൊലപാതക കുറ്റം കൗസെന്‍സിന് എതിരെ ചുമത്തിയിട്ടില്ല.
മാര്‍ച്ച് 3ന് സുഹൃത്തിന്റെ വീട്ടില്‍ നിന്നും ബ്രിക്സ്റ്റണിലെ സ്വന്തം വീട്ടിലേക്ക് നടന്നുപോകവെയാണ് സാറയെ തട്ടിക്കൊണ്ടുപോകുന്നത്. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന യുവതി റോഡിലൂടെ കടന്നുപോകുന്നതും, പിന്നീട് ഒരു വെളുത്ത വോക്‌സ്ഹാള്‍ ആസ്ട്രയുടെ മുന്‍വാതിലുകള്‍ തുറന്ന് കിടക്കുന്നതും കണ്ടതാണ് കേസിനെ പോലീസ് ഉദ്യോഗസ്ഥനിലേക്ക് നയിച്ചത്.
ഒരാഴ്ചയ്ക്ക് ശേഷമാണ് കെന്റിലെ വുഡ്‌ലാന്‍ഡില്‍ നിന്നും സാറയുടെ മൃതദേഹം കണ്ടെത്തിയത്. ഇപ്പോള്‍ കൊലപാതക കുറ്റം ചുമത്തുന്നതിന് മുന്‍പ് തന്നെ പ്രതി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റതായി ജഡ്ജ് വ്യക്തമാക്കി. സുപ്രധാനമായ പാര്‍ലമെന്ററി & ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് അംഗമാണ് കൗസെന്‍സ്.