CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 24 Minutes 42 Seconds Ago
Breaking Now

യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ മൈതാനത്ത് കണ്ണീര്‍! കുഴഞ്ഞുവീണ് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍; നാവുവിഴുങ്ങാതെ താരത്തിന് അരികിലേക്ക് ഓടിയെത്തി ക്യാപ്റ്റന്‍; വൈരം മറന്ന് സഹതാരത്തിന്റെ ജീവനായി പ്രാര്‍ത്ഥിച്ച് കളിക്കാര്‍; എന്നിട്ടും മത്സരം തുടരാന്‍ ഉത്തരവിട്ട് യുവേഫ!

ഇതിന് ശേഷം മത്സരം പുനരാരംഭിക്കാന്‍ യുവേഫ ആവശ്യപ്പെട്ടത് ആരാധകരെയും, മുന്‍ താരങ്ങളെയും രോഷത്തിലാക്കി

യൂറോ കപ്പ് 2020-ലെ ഉദ്ഘാടന മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ സഹതാരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി ഡെന്‍മാര്‍ക്ക് ക്യാപ്റ്റന്‍ സിമോണ്‍ കെയര്‍. ഫിന്‍ലാന്‍ഡിന് എതിരായ മത്സരത്തിനിടെ മധ്യനിരക്കാരന്‍ ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീണതോടെയാണ് മൈതാനത്ത് കണ്ണീര്‍ വീണത്! എന്നാല്‍ ക്യാപ്റ്റന്‍ സിമോണ്‍ സഹതാരത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

കോപ്പെന്‍ഹേഗന്‍ പാര്‍ക്കെന്‍ സ്റ്റേഡിയത്തില്‍ പകുതി സമയം പിന്നിട്ടതിന് പിന്നാലെയാണ് ഫിന്‍ലാന്‍ഡ് പെനാല്‍റ്റി ഏരിയയില്‍ നിന്നും തിരിച്ച് ഓടുന്നതിനിടെ എറിക്‌സണ്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. താരത്തിന്റെ അവസ്ഥ കണ്ട് ഇരുടീമുകളിലെയും താരങ്ങള്‍ വിഷമത്തിലായി. ഈ ഘട്ടത്തിലാണ് 29-കാരനായ സഹതാരത്തിന് അരികിലേക്ക് ക്യാപ്റ്റന്‍ കെയര്‍ ഓടിയെത്തിയത്. മെഡിക്കുകള്‍ എത്തുന്നതിന് മുന്‍പ് സിപിആര്‍ നല്‍കാനും ഇദ്ദേഹം തയ്യാറായി. 

ഇംഗ്ലീഷ് റഫറി ആന്തണി ടെയ്‌ലര്‍ മൈതാനത്തേക്ക് മെഡിക്കല്‍ സംഘത്തെ വിളിച്ചുവരുത്തി. എറിക്‌സന് ഇവിടെ വെച്ച് തന്നെ ദീര്‍ഘനേരം ചികിത്സയും നല്‍കി. നെഞ്ചില്‍ അമര്‍ത്തുകയും ചെയ്തും. ഇതിന് ശേഷമാണ് 29-കാരനായ ഇന്റര്‍ മിലാന്‍ താരത്തെ ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കായി എത്തിച്ചത്. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ ഭേദമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എറിക്‌സന് ചികിത്സ നല്‍കുമ്പോള്‍ സ്വകാര്യത നല്‍കാന്‍ ക്യാപ്റ്റന്‍ കെയറും, സഹതാരങ്ങളും മതില്‍തീര്‍ത്തു. മൈതാനത്തിന് അരികില്‍ ഭയന്ന് നിന്ന എറിക്‌സന്റെ ഭാര്യ സാബറീന വിസ്റ്റിന് അരികിലെത്തി ആശ്വസിപ്പിക്കാനും ക്യാപ്റ്റന്‍ ശ്രമിച്ചു. സഹതാരങ്ങളുടെ കൃത്യമായ ഇടപെടലാണ് നാവ് വിഴുങ്ങാതെ സുരക്ഷിതമായി ഇരിക്കാന്‍ എറിക്‌സന് വഴിയൊരുക്കിയതെന്ന് എന്‍എച്ച്എസ് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. 

ശ്വാസമെടുക്കുന്ന ഹൃദയമിടിപ്പുള്ള അവസ്ഥയിലാണ് ക്രിസ്റ്റ്യാന് അരികിലേക്ക് എത്തിയതെന്ന് ഡെന്‍മാര്‍ക്ക് ടീം ഡോക്ടര്‍ മോര്‍ട്ടെന്‍ ബോസെന്‍ പറഞ്ഞു. പക്ഷെ പൊടുന്നനെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതോടെയാണ് സിപിആര്‍ നല്‍കിയത്. ക്രിസ്റ്റ്യാനെ തിരിച്ചുകിട്ടി, ആശുപത്രിയിലേക്ക് പോകും മുന്‍പ് സംസാരിക്കുകയും ചെയ്തു, ഡോക്ടര്‍ പറഞ്ഞു. 

ഇതിന് ശേഷം മത്സരം പുനരാരംഭിക്കാന്‍ യുവേഫ ആവശ്യപ്പെട്ടത് ആരാധകരെയും, മുന്‍ താരങ്ങളെയും രോഷത്തിലാക്കി. എന്നാല്‍ ഇരുടീമുകളുടെ പ്രതിനിധികളെയും, ഒഫീഷ്യല്‍സിനെയും ഉള്‍പ്പെടുത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് യുവേഫ വാദിക്കുന്നു. അതേസമയം മത്സരത്തില്‍ ഒരു ഗോളിന് ഡെന്‍മാര്‍ക്ക് ഫിന്‍ലാന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങി. പക്ഷെ ഇരുപക്ഷത്തെയും ആരാധകര്‍ക്ക് ഒരു പേര് മാത്രമാണ് ആവേശത്തോടെ വിളിക്കാന്‍ ഉണ്ടായിരുന്നത്- 'ക്രിസ്റ്റിയാന്‍ എറിക്‌സണ്‍'!




കൂടുതല്‍വാര്‍ത്തകള്‍.