CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 27 Minutes 3 Seconds Ago
Breaking Now

പൂളില്‍ പുലിയിറങ്ങി ; ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഡോര്‍സെറ്റിലെ പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച അതിവിപുലമായ ഓണാഘോഷപരിപാടികള്‍ ശ്രദ്ധേയമാകുന്നു

ഓഗസ്റ്റ് മുപ്പതാംതിയതി യുകെയിലെ പ്രശസ്ത മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി, ഡോര്‍സെറ്റിലെ പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച അതിവിപുലമായ ഓണാഘോഷപരിപാടികള്‍ ഏവരുടെയും പ്രശംസപിടിച്ചുപറ്റി.

മഹാബലി തമ്പുരാന്‍ മുഖ്യാതിഥിയായും യുക്മ ദേശീയ അധ്യക്ഷനും ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ള വിശിഷ്ടാതിഥിയായും നിലവിലെ പ്രസിഡണ്ട് സോണി കുരിയന്‍ അധ്യക്ഷനായും നടന്ന പൊതു സമ്മേളനത്തിന് ശേഷമായിരുന്നു  ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്കു  തുടക്കം കുറിച്ചത്.

മഹാമാരിയുമായി  ബന്ധപ്പെട്ട് ഏറെനാളത്തെ അടച്ചിടലിനുശേഷം ഒത്തുചേരലിന് കിട്ടിയ അവസരം മലയാളികള്‍ സ്‌നേഹവും സന്തോഷവും പങ്കുവച്ചും, വള്ളസദ്യയെവെല്ലുന്ന ഓണസദ്യ ഒരുക്കിയും, കലാപരിപാടികള്‍ ആസ്വദിച്ചും, കായികമത്സരങ്ങള്‍ ആഘോഷമാക്കിയും ദിനം അവിസ്മരണീയമാക്കി.

രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങിയ ഓണാഘോഷം മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും താലപ്പൊലിയും ഒക്കെ ഒരുക്കിയായിരുന്നു. മഹാബലിയായി വേഷമണിഞ്ഞ എല്‍ദോസ് എലിയാസ് വളരെ പുതുമയാര്‍ന്ന രീതിയില്‍ ഓണ സന്ദേശങ്ങള്‍ നല്‍കി ഏവരെയും അദ്ഭുത സ്തബ്ദ്ധരാക്കി. മാവേലിക്കൊപ്പം എത്തിയ പുലികളും വേട്ടക്കാരനും വേദിയില്‍ നിറഞ്ഞാടിയത് കാണികളുടെ കണ്ണു കുളിര്‍പ്പിച്ചു. അമല ജോമോന്റെ പ്രാര്‍ത്ഥന ഗീതവും, ജോഷിക പിള്ളയും ഷാരോണ്‍ സാബുവും ചേര്‍ന്നവതരിപ്പിച്ച സ്വാഗത നൃത്തവും , സോഫി ജോസിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാതിരയും ഇത്തവണത്തെ ഓണാഘോഷങ്ങളിലെ ചിലതു മാത്രമായിരുന്നു. പരിപാടിയിലുടനീളം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളഭാഷയുടെ തനിമ ഒട്ടും ചോരാതെ അവതാരകനായി നിറഞ്ഞാടിയ ജിന്‍സ് വര്‍ഗീസ്, പങ്കെടുത്ത എല്ലാവരുടെയും മുക്തകണ്ഠമുള്ള പ്രശംസ ഏറ്റു വാങ്ങി. ഏറെ വാശിയോടെ നടത്തപ്പെട്ട വടംവലി മുഖ്യ ആകര്ഷണമായി . കേരളത്തനിമ ചോരാത്ത വമ്പന്‍ സദ്യ കൂടിയായപ്പോള്‍ ഡി കെ സി ഓണത്തിന് പൊലിമ കൂടി . നാടന്‍ സദ്യ വട്ടങ്ങളുടെ കൂട്ടത്തില്‍ 26 ഇനങ്ങള്‍ ഇലയില്‍ നിരത്തി രുചിപ്പകര്‍ച്ചകളുടെ രസക്കൂട്ടുകള്‍  നാവില്‍ വര്‍ണം വിരിയിച്ചു.ഓണപ്പാട്ടുപോലെ , ഓണത്തപ്പാ കുടവയറാ തിരുവോണക്കറി എന്തെല്ലാം എന്നാണ് ചോദ്യമെങ്കില്‍  പച്ചടി കിച്ചടി നാരങ്ങാക്കറി , കാടും പടലവും എരിശ്ശേരി എന്ന് പറഞ്ഞു ഡോര്‍സെറ്റിലെ മലയാളി സമൂഹം ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടി .പിന്നീട് ഇത്തവണ ഡികെസിയിലേക്കു പുതിയതായി കടന്നു വന്ന മുപ്പതോളം കുടുംബങ്ങളെ പൂച്ചെണ്ടും സമ്മാനങ്ങളും നല്‍കി സംഘടനയിലേക്കു സ്വാഗതം ചെയ്തു. ഈ വര്‍ഷത്തെ യുവ നേതൃത്വ നിര ഓണാഘോഷം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ നടത്തിയ കഠിന ശ്രമങ്ങള്‍ വഴി ഈ വര്ഷം യുകെ മലയാളികള്‍ കാണുന്ന മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായി മാറി ഡികെസി ഓണം. ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി ആവേശം തിരതല്ലുമ്പോള്‍ നഷ്ടസ്മൃതികളില്‍ ജീവിക്കുകയല്ല , കേരള തനിമ തിരിച്ചു പിടിച്ചു നെഞ്ചോട് ചേര്‍ക്കുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ഡി കെ സിയുടെ പകിട്ടേറിയ ഓണാഘോഷം .

ആഘോഷപരിപാടികള്‍ക്കൊപ്പം നടന്ന തെരഞ്ഞെടുപ്പില്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് , യുക്മ ദേശീയ  ട്രഷറര്‍, യുക്മ ദേശീയ വൈസ് പ്രസിഡണ്ട് എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ള പരിചയ സമ്പന്നനായ ഷാജി തോമസാണ്  ഡികെസിയുടെ പുതിയ  പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്. അഭിലാഷ് പി എ സെക്രട്ടറിയായും സജി പൗലോസ് ട്രഷറര്‍ ആയും ,  വൈസ് പ്രസിഡണ്ട് ആയി ബിന്‍സി ജേക്കബും ജോയിന്റ് സെക്രട്ടറി ആയി ഹെമിയ യേശുദാസും തെരഞ്ഞെടുക്കപ്പെട്ടു.

മനോജ് പിള്ള , പ്രേംജിത് തോമസ്, ബിബിന്‍ വേണുനാഥ് , എല്‍ദോസ് ഏലിയാസ് എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . സോണി കുര്യനും ജെറി മാത്യുവും  എക്‌സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.