CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 26 Minutes 38 Seconds Ago
Breaking Now

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി..വിജയപ്രഭയില്‍ കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. മലയാള ഭാഷയെ സ്‌നേഹിക്കുന്ന യുകെയിലെ വളര്‍ന്നു വരുന്ന കുട്ടികള്‍ വിജയപ്രഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തുവാനായി സമ്മതിച്ചിരുന്ന ബഹു.കേരള സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൊണ്ട് ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ലയെന്നുള്ള വിവരം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ചടങ്ങ് നടന്ന സമയത്ത് അറിയിച്ചതുകൊണ്ട് മുഖ്യപ്രഭാഷകയായ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. മലയാള ഭാഷയും കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വരും തലമുറകളിലേക്ക് എത്തിക്കുവാനായി മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ സാഹചര്യത്തില്‍പ്പോലും യുകെ ചാപ്റ്റര്‍ നടത്തിയ കണിക്കൊന്ന പഠനോത്സവം യൂറോപ്യന്‍ രാജ്യങ്ങളിലെ മറ്റു ചാപ്റ്ററുകള്‍ക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ട പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് മലയാളഭാഷയുടെ സുഗന്ധം നമ്മുടെ എല്ലാ കുട്ടികളിലും നിറയട്ടെയെന്നും ആശംസിച്ചു. മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ഡോ.എം ടി ശശി, യുകെ നോര്‍ത്ത് റീജിയന്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം കുര്യന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടന ചടങ്ങിന്റെ അവതാരക ബിന്ദു കുര്യന്‍ ആയിരുന്നു.

ഉദ്ഘാടന ചടങ്ങ് നടന്ന സമയത്തുതന്നെ പല സ്‌കൂളുകളിലും പൊതുവേദിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയുണ്ടായി.

സമീക്ഷ  മലയാളം സ്‌കൂള്‍ എക്‌സിറ്റര്‍ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി രാജി രാജന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധ്യാപകരും സ്‌കൂള്‍ ഭാരവാഹികളും ചേര്‍ന്ന് വിതരണം ചെയ്തു.

കെന്റിലെ ചിസ്ലിഹസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മാര്‍ക്ക് മിഷന്‍ മലയാളം സ്‌കൂളില്‍ നിന്നും വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ.ടോമി എടാട്ട് നിര്‍വഹിച്ചു. മലയാളം മിഷന്‍ യു കെ സൗത്ത് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്‌കൂളിന്റെ ചെയര്‍മാന്‍ ജോബി തോമസിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് നല്‍കി നിര്‍വഹിച്ചു. മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള സ്‌കൂള്‍ കവന്‍ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും അധ്യാപകനുമായ ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ നല്‍കി നിര്‍വ്വഹിച്ചു. യുകെ നോര്‍ത്ത് റീജിയണിലെ സര്‍ട്ടിഫിക്കറ്റ് വിതരണം റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ മാഞ്ചസ്റ്റര്‍ മലയാളം സ്‌കൂള്‍ അധ്യാപിക റീന വിത്സന് നല്‍കി നിര്‍വഹിച്ചു. എല്ലാ പഠന കേന്ദ്രങ്ങളിലെയും വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കോവിഡ് മഹാമാരിയുടെ വിഷമതകള്‍ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളില്‍ നിന്നുമായി 13 സ്‌കൂളുകളില്‍നിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് നടത്തിയ ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കണിക്കൊന്നയുടെ മൂല്യനിര്‍ണ്ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.

വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നുമായി പഠനോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയില്‍ നടത്തിയത് . മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും രക്ഷകര്‍ത്താക്കളും കൂട്ടായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിര്‍ണയം നടത്തി റിസള്‍ട്ട് പ്രഖ്യാപിക്കുവാനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

കണിക്കൊന്ന പഠനോത്സവത്തില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ്  സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ്, മേഖല കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ബിന്ദു കുര്യന്‍, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവര്‍ ഹാര്‍ദ്ദമായി അഭിനന്ദിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ നടത്തി വരികയാണ്. പുതിയ സ്‌ക്കൂളുകള്‍ ആരംഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യന്‍ (07882791150) എന്നിവരെയോ അതാത് മേഖല കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടുക. malayalammissionukchapter@gmail.com എന്ന  ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.