ഓക്‌സ്‌ഫോര്‍ഡ്/ ആസ്ട്രാസെനെക വാക്‌സിന്‍ ബ്ലൂപ്രിന്റ് റഷ്യ മോഷ്ടിച്ചതായി ആരോപണം. വാക്‌സിന്‍ ബ്ലൂപ്രിന്റ് മോഷ്ടിച്ച് ഈ ഡിസൈന്‍ ഉപയോഗിച്ച് റഷ്യ സ്വന്തം നിലയില്‍ സ്പുട്‌നിക് 5 വാക്‌സിന്‍ വികസിപ്പിക്കുകയാണ് ചെയ്തതെന്ന് സുരക്ഷാ ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ക മ്പനിയില്‍ നിന്നുമാണ് കൊവിഡ് വാക്‌സിന്‍ ബ്ലൂപ്രിന്റ് ക്രെംലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരന്‍മാര്‍ കവര്‍ന്നതെന്ന് തെളിവ് ലഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ ധരിപ്പിച്ചതായാണ് വിവരം.
ബ്ലൂപ്രിന്റും, സുപ്രധാന വിവരങ്ങളും ഒരു വിദേശ ഏജന്റ് വ്യക്തിപരമായ നിലയിലാണ് കവര്‍ന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വന്തം സ്പുട്‌നിക് 5 വാക്‌സിന്‍ സ്വീകരിച്ചതായി സ്ഥിരീകരിച്ച് കൊണ്ടാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ജനങ്ങളോട് വാക്‌സിന്‍ എടുക്കാന്‍ ആഹ്വാനം ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറില്‍ മോസ്‌കോയില്‍ നടത്തിയ രണ്ട് ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ബ്രിട്ടീഷ് ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം റഷ്യയുടെ കൊവിഡ്-19 വാക്‌സിന്‍ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് സമാനമായ ടെക്‌നോളജിയാണ് സ്പുട്‌നിക്കും ഉപയോഗിക്കുന്നത്.
എന്നാല്‍ വളരെ ചെറിയ പഠനം നടത്തി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ റഷ്യ തിടുക്കം കാണിച്ചത് ആ സമയത്ത് തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ആസ്ട്രാസെനെക, ഫിസര്‍ വാക്‌സിനുകള്‍ സ്വീകരിച്ച ഇടങ്ങളില്‍ കാണുന്നത് പോലുള്ള പ്രശ്‌നങ്ങളൊന്നും സ്പുട്‌നിക് സ്വീകരിച്ച ശേഷം ഉണ്ടായില്ലെന്നാണ് സ്വയം വാക്‌സിനെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കിയത്.
ഓണ്‍ലൈനില്‍ ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഫിസര്‍ വാക്‌സിനെതിരായ പ്രവചരണങ്ങളും റഷ്യ നടത്തിയെന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ബ്ലൂപ്രിന്റ് മോഷ്ടിച്ചാണ് സ്പുട്‌നിക് 5 വികസിപ്പിച്ചതെന്ന ആരോപണങ്ങള്‍.