CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 30 Seconds Ago
Breaking Now

മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു ; ഇടമലയാറും പമ്പ ഡാമും തുറന്നതോടെ ജാഗ്രതാ നിര്‍ദ്ദേശം ; പ്രളയ ഭീതിയില്‍ ജനം

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വീണ്ടും കേരളം പ്രളയ ഭീതിയില്‍. പലയിടത്തും വെള്ളക്കെട്ടും ശക്തമായ മഴയും നിലനില്‍ക്കേ ഡാമുകള്‍ തുറക്കുകയാണ്. മൂന്നുവര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. മുന്‍കാല അനുഭവ പശ്ചാത്തലത്തില്‍ നേരത്തെ ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബുധന്‍ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള 64 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം. ഏറ്റവുമധികം ക്യാമ്പുകള്‍ ഇടുക്കി വില്ലേജിലാണ്. ഫയര്‍ ഫോഴ്‌സ്, പൊലീസ്, റവന്യു വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാല്‍ കടല്‍ തീരത്തും ജാഗ്രത വേണം. ഡാം തുറന്നാലുണ്ടാകുന്ന കുത്തൊഴുക്കില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകര്‍ത്തല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.

ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറില്‍ ജാഗ്രതയിലാണ്. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂര്‍ താലൂക്കുകളിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം കൂടി തുറന്നു. അഞ്ച് മുതല് ആറ് മണിക്കൂറുകള്‍ക്കുള്ളില്‍ പമ്പാ ത്രിവേണിയിലേക്ക് ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായാല്‍ അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കുന്നത് തുടരും. ജില്ലയിലെ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപ്പര്‍ കുട്ടനാട്ടിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.