CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 45 Seconds Ago
Breaking Now

യുകെയില്‍ വിമാനമിറങ്ങുന്ന എല്ലാവര്‍ക്കും ഐസൊലേഷന്‍ പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍; ഷോപ്പുകളിലും, ട്രെയിനുകളിലും മാസ്‌ക് നിബന്ധന തിരിച്ചെത്തി; ബ്രിട്ടനില്‍ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി; ലോക്ക്ഡൗണ്‍ 'അനിവാര്യമല്ലെന്ന്' ഹെല്‍ത്ത് സെക്രട്ടറി; പുതിയ കൊവിഡ് സൂപ്പര്‍ സ്‌ട്രെയിനില്‍ ബ്രിട്ടീഷ് നേതൃത്വത്തിന് പരിഭ്രാന്തി?

എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ജാവിദ് അറിയിച്ചു

ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊവിഡ്-19 സൂപ്പര്‍ സ്‌ട്രെയിന്‍ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ ബ്രിട്ടനില്‍ കണ്ടെത്തി. ഇതോടെ പുതിയ വേരിയന്റ് വ്യാപിക്കാതെ തടയാനുള്ള ശ്രമങ്ങള്‍ രാജ്യം ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുകെയിലേക്ക് യാത്ര ചെയ്‌തെത്തുന്ന എല്ലാവര്‍ക്കും ഐസൊലേഷന്‍ നിര്‍ബന്ധമാക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ വ്യാപനശേഷി അധികമുള്ളതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഷോപ്പുകളിലും, ട്രെയിനുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. 

അതേസമയം സൂപ്പര്‍ സ്‌ട്രെയിന്‍ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ മാത്രം കണ്ടെത്തിയ ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തേണ്ട സാഹചര്യമില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ വാദം. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ ബലത്തില്‍ ബ്രിട്ടന്‍ മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്നത് ഒഴിവാക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. കൂടാതെ സമ്മറില്‍ വിലക്കുകളില്‍ ഇളവ് നല്‍കിയതിന്റെ നേട്ടവും പ്രതിരോധമാകുമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 

ഈ കാരണങ്ങളാല്‍ യൂറോപ്പിലെ അവസ്ഥ ബ്രിട്ടനില്‍ ആവര്‍ത്തിക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വാദിക്കുന്നതിനിടെയാണ് ഡൗണിംഗ് സ്ട്രീറ്റ് അടിയന്തരമായി വാര്‍ത്താ സമ്മേളനം വിളിച്ചത്. സൂപ്പര്‍ സ്‌ട്രെയിന്‍ വന്നതോടെ കാര്യങ്ങള്‍ മുന്‍പ് പ്രതീക്ഷിച്ചത് പോലെ അത്ര ശുഭകരമല്ലെന്ന് പ്രധാനമന്ത്രി സൂചന നല്‍കി. ക്രിസ്മസ് ആഘോഷങ്ങള്‍ മുന്‍പ് കരുതിയത് പോലെ മുന്നോട്ട് പോകുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നും ബോറിസ് വ്യക്തമാക്കി. 

ഇതോടൊപ്പമാണ് യാത്രാ വിലക്കുകള്‍ ദീര്‍ഘിപ്പിക്കാനും, ബ്രിട്ടനില്‍ എത്തി രണ്ടാം ദിനം പിസിആര്‍ ടെസ്റ്റ് നടത്താനും, ഷോപ്പിലും, ട്രെയിനിലും മാസ്‌ക് നിര്‍ബന്ധമാക്കലും പ്രഖ്യാപിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നെഗറ്റീവാണെന്ന് ഉറപ്പിക്കുന്നത് വരെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നാണ് അദ്ദേഹം വ്യക്തമാക്കി. അതേസമയം പുതിയ വിലക്കുകള്‍ എപ്പോഴാണ് പ്രാബല്യത്തില്‍ വരികയെന്ന് വ്യക്തമാക്കിയിട്ടില്ല. 

എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് ജാവിദ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരോടും ഇവരുടെ കുടുംബാംഗങ്ങളോടും ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോണ്‍ കൂടുതല്‍ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചാല്‍ വിലക്കുകള്‍ കൂടുതല്‍ കര്‍ശനമാകും. 




കൂടുതല്‍വാര്‍ത്തകള്‍.