CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes Ago
Breaking Now

ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥി മൂന്നുമാസം താമസിച്ചത് മുംബൈയില്‍ ; അനാഥയെന്ന പേരില്‍ തമിഴ് കുടുംബത്തിനൊപ്പം കഴിഞ്ഞു

ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു.

ആലത്തൂരില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് 21കാരിയായ സൂര്യ കൃഷ്ണയെ ആലത്തൂരില്‍ നിന്നും കാണാതായത്. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്നും ആലത്തൂര്‍ എസ്എച്ച്ഒ റിയാസ് ചാക്കീരി പറഞ്ഞു.

2021 ഓഗസ്റ്റ് 30ാം തീയതിയാണ് സൂര്യയെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല.

ഫോണ്‍ പോലും എടുക്കാതെ പോയതിനാല്‍ അന്വേഷണവും വഴിമുട്ടിയ നിലയിലായിരുന്നു. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ സൂര്യ, പാലക്കാട്‌നിന്ന് തീവണ്ടിമാര്‍ഗം കോയമ്പത്തൂര്‍ വഴി മുംബൈയിലേക്കാണ് പോയതെന്ന് എസ്എച്ച്ഒ റിയാസ് ചാക്കീരി പറഞ്ഞു.

തീവണ്ടിയില്‍ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാള്‍ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ കൈയില്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ താമസവും ശരിയായില്ല. ഇതോടെയാണ് തമിഴ് കുടുംബത്തിനൊപ്പം അവരുടെ വീട്ടില്‍ താമസിപ്പിച്ചത്.

അടുത്ത കാലത്തായി സൂര്യ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സോഷ്യല്‍മീഡിയ അക്കൗണ്ട് നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് ഈ സൂചന തുമ്പാക്കി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ മുംബൈയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നുമാസമായി തമിഴ് കുടുംബത്തോടൊപ്പം സുരക്ഷിതമായി പെണ്‍കുട്ടി താമസിച്ചുവരികയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.