CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 46 Seconds Ago
Breaking Now

ബ്രിട്ടീഷ് ചരിത്രത്തിലെ പുതിയ താരോദയം! 18-ാം വയസ്സില്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടി എമ്മാ റാഡുകാനു; 44 വര്‍ഷത്തിനിടെ രാജ്യത്തിനായി ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ വനിതാ താരം; ഒറ്റ രാത്രി കൊണ്ട് 1.8 മില്ല്യണ്‍ പൗണ്ട് കൈക്കലാക്കി, ഒപ്പം 150-ാം റാങ്കില്‍ നിന്നും 23-ാം റാങ്കിലേക്ക് കുതിച്ചുചാട്ടം

1.8 മില്ല്യണ്‍ പൗണ്ടിന്റെ ചെക്കുമായി ബ്രിട്ടീഷ് മണ്ണിലേക്ക് മടങ്ങിയെത്തുന്ന റാഡുകാനു ആ പഴയ റാഡുകാനുവാകില്ല

150-ാം റാങ്കിലുള്ള ഒരു ടെന്നീസ് വനിതാ താരം, പ്രായം വെറും 18 വയസ്സ്. ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ഇടംപിടിക്കുമ്പോള്‍ വമ്പന്‍ താരങ്ങളോട് ഏറ്റുമുട്ടാന്‍ പോലും പാകമായിട്ടില്ലെന്ന് ചിന്തിച്ചേക്കാം. പക്ഷെ ബ്രിട്ടന്റെ കായിക രംഗത്തെ ചരിത്രനേട്ടങ്ങളിലേക്ക് തന്റെ പേര് തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത് കൊണ്ടാണ് എമ്മാ റാഡുകാനു മഹത്തായ ആ സ്ഥാനം അലങ്കരിച്ചത്. 44 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന് ഒരു വനിതാ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍, അതാണ് എമ്മാ!

കെന്റില്‍ നിന്നുള്ള 18-കാരി ഫൈനലില്‍ കാനഡയുടെ ലെയ്‌ലാ ഫെര്‍ണാണ്ടസിനെയാണ് 6-4, 6-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചത്. ഈ വര്‍ഷം എ- ലെവല്‍ പരീക്ഷയ്ക്ക് ഇരിക്കുന്ന റാഡുകാനു 1977 വിംബിള്‍ഡണില്‍ വിര്‍ജിനിയ വേഡ് നേടിയ കിരീടത്തിന് ശേഷം ഏതെങ്കിലും പുരുഷ, വനിതാ ഗെയിമില്‍ നേടുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാമാണ്. 1.8 മില്ല്യണ്‍ പൗണ്ടിന്റെ ചെക്കുമായി ബ്രിട്ടീഷ് മണ്ണിലേക്ക് മടങ്ങിയെത്തുന്ന റാഡുകാനു ആ പഴയ റാഡുകാനുവാകില്ല. 150-ാം റാങ്കില്‍ നിന്നും 23-ാം റാങ്കിലേക്കാണ് താരത്തിന്റെ കുതിച്ചുചാട്ടം.

'ഞാന്‍ ഇപ്പോഴും ഞെട്ടലിലാണ്, ഈ നിമിഷത്തിലും. ആ അവസാനത്തെ സര്‍വ്വീസ് ഗെയിമിന് ശേഷം ഇവിടം വരെയെത്തിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ ട്രോഫി ചേര്‍ത്തുപിടിക്കുന്നത് എല്ലാമാണെന്ന് ആത്മാര്‍ത്ഥമായി പറയാം. ഇത് വിട്ടുകൊടുക്കാന്‍ കഴിയില്ല', റാഡുകാനു മത്സരത്തിന് ശേഷം പറഞ്ഞു. ബ്രിട്ടീഷുകാരിയുടെ വമ്പന്‍ നേട്ടത്തില്‍ സാക്ഷാല്‍ രാജ്ഞി ബാല്‍മൊറാലില്‍ നിന്നും കത്തയച്ചു. 'ഈ ചെറിയ പ്രായത്തില്‍ ഇത്തരമൊരു നേട്ടം സുപ്രധാനമാണ്. കഠിനാധ്വാനവും, നിശ്ചയദാര്‍ഢ്യത്തിനും ഇത് ഉദാഹരണമാണ്', രാജ്ഞി കുറിച്ചു. 

ചരിത്രപരമായ ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും പ്രശംസ അറിയിച്ചു. താരത്തിന്റെ നേട്ടത്തില്‍ ഏറെ അഭിമാനമുള്ളതായി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആരും കേട്ടിട്ടില്ലാത്ത ഒരു കുട്ടിയാണ് കായിക രംഗത്തെ ഏറ്റവും വലിയ പേരുകാരില്‍ ഒന്നായി മാറിയിരിക്കുന്നത്. അവള്‍ നമ്മുടെ ഹൃദയങ്ങളാണ് കവര്‍ന്നത്, മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ക്രിസ് എവേര്‍ട്ട് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.