59 വര്‍ഷത്തിനിടെ ആദ്യമായി പാര്‍ലമെന്റിലെ സ്റ്റേറ്റ് ഓപ്പണിംഗില്‍ പങ്കെടുക്കാതെ രാജ്ഞി. ഇന്നലെ രാത്രിയാണ് നടക്കാനുള്ള ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രാജ്ഞി ചടങ്ങില്‍ നിന്നും പിന്‍വാങ്ങുന്നതായി സ്ഥിരീകരിച്ചത്. പകരം ഭാവി രാജാവായ ചാള്‍സ് രാജകുമാരന്‍ ആദ്യമായി പ്രസംഗം വായിക്കും. വില്ല്യം രാജകുമാരന്‍ പിതാവിന് അകമ്പടി സേവിക്കും. വില്ല്യം ആദ്യമായാണ് ഈ ചടങ്ങിന് എത്തുന്നത്.
സ്റ്റേറ്റ് ഓപ്പണിംഗില്‍ ഇക്കുറി രാജ്ഞിയുടെ കസേര ഒഴിഞ്ഞ് കിടക്കും. വിന്‍ഡ്‌സറില്‍ നിന്നും ടെലിവിഷനിലൂടെയാകും 96-കാരി നടപടിക്രമങ്ങള്‍ വീക്ഷിക്കുക. ഇതോടെ വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തില്‍ ഇനി രാജ്ഞിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് രാജ്ഞിയുടെ പബ്ലിക് ഡ്യൂട്ടികളില്‍ സുപ്രധാനമായ ഒന്നാണ്. രാജ്ഞിയുടെ പ്രസംഗം ചടങ്ങില്‍ പരമപ്രധാനമാണ്.
സര്‍ക്കാരിന്റെ നയങ്ങളും, പുതിയ പാര്‍ലമെന്ററി സെഷനിലെ നിയമനിര്‍മ്മാങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഈ പ്രസംഗമാണ് വ്യക്തമാക്കുക. ഇന്നലെ വരെ രാജ്ഞി ചടങ്ങില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയാണ് ബക്കിംഗ്ഹാം കൊട്ടാരം തുടര്‍ച്ചയായി പങ്കുവെച്ചിരുന്നത്. ഇതിന് മുന്‍പ് 1959ലും, 1963ലും മാത്രമാണ് ഭരണകാലത്ത് ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ എലിസബത്ത് രാജ്ഞിക്ക് കഴിയാതെ പോയിട്ടുള്ളത്. ആന്‍ഡ്രൂ രാജകുമാരനെയും, എഡ്വാര്‍ഡ് രാജകുമാരനെയും ഗര്‍ഭം ധരിച്ച സമയത്തായിരുന്നു ഇത്.
ചടങ്ങിലേക്ക് നടന്നെത്താനുള്ള സാധ്യത പരമാവധി ചുരുക്കാന്‍ സഹായികള്‍ പരിശ്രമിച്ചിരുന്നു. 2016 മുതല്‍ കെട്ടിടത്തിലെ ലിഫ്റ്റ് ഉപയോഗിക്കാനും തുടങ്ങിയിരുന്നു. സ്വകാര്യ വീല്‍ചെയര്‍ സൗഹൃദ വഴിയിലൂടെ വേദിയിലേക്ക് എത്തിയാലും, ചേംബറിലേക്ക് നടന്നുതന്നെ കയറേണ്ടതുണ്ട്. ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പിന്‍വാങ്ങാനുള്ള തീരുമാനം കൊട്ടാരം പ്രഖ്യാപിച്ചത്.