ആശുപത്രിയില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അബോധാവസ്ഥയിലുള്ള വനിതാ രോഗികളെ രഹസ്യമായി ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പുരുഷ നഴ്‌സിന് ഒരു ദശകത്തിലേറെ ജയില്‍ശിക്ഷ. തന്റെ പരിചരണത്തിലുള്ള നിരവധി രോഗികളെയാണ് പദവി ദുരുപയോഗം ചെയ്ത് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കുറ്റം സമ്മതിച്ച 51-കാരനായ സീനിയര്‍ നഴ്‌സ് പോള്‍ ഗ്രേയ്‌സനെയാണ് കോടതി ജയിലിലേക്ക് അയച്ചത്.
സര്‍ജറിക്ക് ശേഷം ജനറല്‍ അനസ്‌തെറ്റിക്ക് മൂലം അബോധാവസ്ഥയില്‍ ഇരിക്കുകയായിരുന്ന നാല് വനിതാ രോഗികളെയാണ് ഇയാള്‍ ലക്ഷ്യംവെച്ചതെന്ന് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. ഇവരുടെ അടിവസ്ത്രത്തിന് താഴെയാണ് ഇയാള്‍ ചിത്രീകരിച്ചത്. രണ്ട് രോഗികളുടെ ശരീരത്തില്‍ സ്പര്‍ശിച്ച് ലൈംഗിക അതിക്രമത്തിനും ഇയാള്‍ തയ്യാറായി.
ഷെഫീല്‍ഡിലെ റോയല്‍ ഹോളാംപ്ഷയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുറ്റകൃത്യങ്ങള്‍. ആദരവേറിയ നഴ്‌സിംഗ് പ്രൊഫഷന് നാണക്കേട് ഉണ്ടാക്കിയെന്ന് കുറ്റവാളിയോട് വ്യക്തമാക്കിക്കൊണ്ടാണ് ജഡ്ജ് ജെറെമി റിച്ചാര്‍ഡ്‌സണ്‍ ക്യുസി 12 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ഇതിന് പുറമെ കുട്ടികളുടെ മോശം ചിത്രങ്ങള്‍ പകര്‍ത്തുകയും, കൈവശം സൂക്ഷിക്കുകയും ചെയ്ത കുറ്റങ്ങളും സീനിയര്‍ നഴ്‌സ് സമ്മതിച്ചു. ആശുപത്രിയിലെ അഞ്ച് വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെയും ഇയാള്‍ ഉളിഞ്ഞുനോട്ടം നടത്തി. ഇവര്‍ ആശുപത്രിയിലെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നു.
25 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള നഴ്‌സാണ് പോള്‍ ഗ്രേയ്‌സണ്‍. നിങ്ങളെ വിശ്വസിച്ച ഓരോരുത്തരെയും നിങ്ങള്‍ വഞ്ചിച്ചു. നഴ്‌സിംഗ് സ്റ്റാറ്റസ് പ്രൊഫഷണല്‍ ബോഡി ഇപ്പോള്‍ തന്നെ നീക്കിയിട്ടുണ്ട്. ക്രിമിനല്‍ നടപടികളിലൂടെ ആദരവുള്ള പ്രൊഫഷന് നാണക്കേടുണ്ടാക്കുകയാണ് ചെയ്തത്, ജഡ്ജ് ചൂണ്ടിക്കാണിച്ചു.