
















പോലീസ് ഓഫീസര്‍മാരാകുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതില്‍ വരുന്ന വീഴ്ച മൂലം മെട്രോപൊളിറ്റന്‍ പോലീസ് സേനയില്‍ സീരിയല്‍ ബലാത്സംഗ കുറ്റവാളികള്‍ കടന്നുകൂടുന്നതായി വെളിപ്പെടുത്തല്‍. ആയിരക്കണക്കിന് ഓഫീസര്‍മാരുടെയും, ജീവനക്കാരുടെയും വെറ്റിംഗ് കൃത്യമായി നടത്താതെ പോയതാണ് ഈ അപകടാവസ്ഥ പോലീസ് സേനയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
2013 മുതല്‍ 2023 വരെ കാലയളവില്‍ പോലീസ് സേനയിലെ ഓഫീസര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, ഇതില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ക്കുമുള്ള പരിശോധനകള്‍ കുറച്ചതായാണ് ആഭ്യന്തര റിവ്യൂ കണ്ടെത്തിയത്. ശരിയായ പരിശോധനകളില്ലാതെ അയ്യായിരത്തിലേറെ ഓഫീസര്‍മാരും, ജീവനക്കാരുമാണ് ഈ ഘട്ടത്തില്‍ റിക്രൂട്ട്‌മെന്റ് ചെയ്യപ്പെട്ടത്.
ഏകദേശം 17,000 ഓഫീസര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും പ്രീ-എംപ്ലോയ്‌മെന്റ് പരിശോധന നടത്തിയോ എന്ന് പോലും സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് 300 പുതിയ റിക്രൂട്ടുകള്‍ക്ക് നിലവാരമില്ലാത്ത വെറ്റിംഗ് നടത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വന്നത്.
എന്നാല്‍ 1400 ഓഫീസര്‍മാരെങ്കിലും പോലീസ് അധികാരങ്ങളോടെ ഈ വിധത്തില്‍ അപകടകരമായ നിലയില്‍ തുടരുന്നുവെന്ന് മെറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 131 ഓഫീസര്‍മാര്‍ ബലാത്സംഗങ്ങളും, മയക്കുമരുന്ന് കുറ്റകൃത്യവും ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളും, അച്ചടക്ക ലംഘനങ്ങളും നടത്തിയതായി മെറ്റ് കണ്ടെത്തിയിട്ടുണ്ട്.