ബ്രിട്ടീഷ് ജനതയുടെ മനസ്സില്‍ നിന്നും കണ്‍സര്‍വേറ്റീവുകളെ പിടിച്ചുപുറത്താക്കാമെന്ന ലേബര്‍ പാര്‍ട്ടിയുടെ മോഹം അസ്ഥാനത്താകുമെന്ന സൂചന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ലേബര്‍ പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന ജനപ്രിയത ഇപ്പോള്‍ ഇടിയുന്നുവെന്നാണ് ഏറ്റവും പുതിയ സര്‍വ്വെ നല്‍കുന്ന വിവരം.
ലേബര്‍ പാര്‍ട്ടിയും, കണ്‍സര്‍വേറ്റീവുകളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ കേവലം ഒരു പോയിന്റിന്റേത് മാത്രമാണ്. ബ്രിട്ടനില്‍ ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരുടെ എണ്ണം 36 ശതമാനവും, കണ്‍സര്‍വേറ്റീവുകള്‍ക്ക് 35 ശതമാനവും ആളുകള്‍ വോട്ട് ചെയ്യുമെന്നും സര്‍വ്വെ കണക്കാക്കുന്നു.
ബിയര്‍ഗേറ്റ് വിവാദങ്ങള്‍ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറുടെ ജനപ്രിയതയ്ക്കും ഇടിവ് വരുത്തി. 2021 ഏപ്രില്‍ മാസത്തില്‍ ഡുര്‍ഹാം ലേബര്‍ ഓഫീസില്‍ സ്റ്റാര്‍മറും, സഹായികളും ബിയറും, കറിയും ആസ്വദിച്ചുവെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ തിരിച്ചടിയായി മാറുകയാണ്. വിഷയത്തില്‍ പോലീസ് നടപടി സ്വീകരിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്നാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ മുന്‍പ് പല നുണകളും പറഞ്ഞതായി രേഖകള്‍ പുറത്തുവന്നതാണ് പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷകള്‍ക്ക് വിഘാതമാകുന്നത്. ബോറിസ് ജോണ്‍സന്റെ ഓഫീസില്‍ അപ്രതീക്ഷിത ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്തിയതിന് മെറ്റ് പോലീസ് പിഴ ശിക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട നേതാവാണ് കീര്‍ സ്റ്റാര്‍മര്‍.