സര്‍ജറികളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായി ചുരുക്കാനുള്ള പദ്ധതിയ്‌ക്കെതിരെ വോട്ട് ചെയ്ത് ജിപിമാര്‍. അസ്വീകാര്യമായ പദ്ധതിയ്‌ക്കെതിരെ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇത് വോട്ടിനിട്ട് തള്ളിയത്. എന്നാല്‍ സുരക്ഷിതമായ തൊഴില്‍ പരിധികള്‍ നിശ്ചയിച്ച് എന്‍എച്ച്എസ് കരാറുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫാമിലി ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവാദമായ രണ്ട് പദ്ധതികളും കഴിഞ്ഞ മാസം ചോര്‍ന്നിരുന്നു. യോര്‍ക്കില്‍ നടന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സിലാണ് ഇൗ പദ്ധതി അവതരിപ്പിച്ചത്. തങ്ങളുടെ ജോലിഭാരം ഇപ്പോള്‍ താങ്ങാന്‍ കഴിയാത്ത നിലയിലാണെന്ന് ജിപിമാര്‍ പരാതിപ്പെടുന്നു. അധികം വൈകുന്നതിന് മുന്‍പ് സുരക്ഷാ പരിധി തീരുമാനിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഈ പരിധി എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ദിവസത്തില്‍ 25 രോഗികളില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ കാണുന്ന അവസ്ഥ വരരുതെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. വര്‍ഷത്തില്‍ ശരാശരി 100,000 പൗണ്ട് വരുമാനമുള്ള ജിപിമാര്‍ ദിവസത്തില്‍ 50 പേര്‍ക്കടുത്താണ് ചികിത്സ നല്‍കുന്നത്.
ജനറല്‍ പ്രാക്ടീസുകള്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തര പ്ലാന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തന സമയം ചുരുക്കാനുള്ള ആവശ്യം ജിപിമാര്‍ തള്ളി. ഇംഗ്ലണ്ടില്‍ ഏകദേശം 6800 സര്‍ജറികളാണ് നിലവില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6.30 വരെ സേവനം നല്‍കുന്നത്.